ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘മട്ടാഞ്ചേരി മാഫിയ’ ചർച്ചയാകുമ്പോൾ..
പോസ്റ്റിലെ ഫോട്ടോയും പിഷാരടിയുടെ ഫോട്ടോയും ഒന്നിച്ച് എഡിറ്റ് ചെയ്തുള്ള ഫോട്ടോകളും പ്രചരിക്കുന്നുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഏറെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് അദ്ദേഹം. ‘പേട്രിയറ്റ്’ എന്ന ചിത്രമാണ് നിലവിൽ മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഇതിനിടെ പുതിയൊരു സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റും നടന്നിരിക്കുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മട്ടാഞ്ചേരി മാഫിയ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.ഏറെ രസകരമായി ഡിസൈൻ ചെയ്ത മട്ടാഞ്ചേരി മാഫിയ പോസ്റ്ററിലുള്ള വ്യക്തി ആരെന്ന ചർച്ചയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. വിജയിപ്പിക്കുക എന്ന് കുറിച്ചു കൊണ്ടുള്ളൊരു ഇലക്ഷൻ പോസ്റ്ററാണിത്. താടിയുള്ളൊരു കാരിക്കേച്ചർ ലുക്കാണ് സ്ഥാനാർത്ഥിയായി കൊടുത്തിരിക്കുന്നത്. ഇത് പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേഷ് പിഷാരടി ആണെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ടെത്തൽ. പോസ്റ്റിലെ ഫോട്ടോയും പിഷാരടിയുടെ ഫോട്ടോയും ഒന്നിച്ച് എഡിറ്റ് ചെയ്തുള്ള ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. എന്തായാലും ഇതാരാണെന്ന് അറിയാൻ സിനിമ റിലീസ് ചെയ്യും വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.ഇതിനിടെ വിമർശകർക്കുള്ള മറുപടിയാണ് സിനിമയുടെ പേരെന്ന ചർച്ചകളും സോഷ്യൽ മീഡിയിൽ നടക്കുന്നുണ്ട്. 'മലയാള സിനിമയെ നിയന്ത്രിക്കുന്നത് മട്ടാഞ്ചേരി മാഫിയ ആണ്', എന്ന പൊതുവിലെ വിമർശകർക്കുള്ള മറുപടിയാണ് ഈ ടൈറ്റിലെന്നാണ് ആരാധകർ പറയുന്നത്. അതേസമയം, മമ്മൂക്കയോടൊപ്പം ആസിഫ് അലി,നസിലിൻ എന്നിവരും മട്ടാഞ്ചേരി മാഫിയയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗാങ്സ്റ്റർ ആക്ഷൻ - കോമഡി എന്റർടെയ്നറാണ് സിനിമയെന്നാണ് വിവരം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിയോഗ് കൃഷ്ണയാണ്.
