സഞ്ജുവിന്റെ കളി കണ്ട് രൺബീറിന്റെ മടിയിലിരുന്ന് ആവേശത്തോടെ കയ്യടിച്ച് രഹാ, ദൃശ്യങ്ങൾ വൈറൽ

രാഹയുടെ സ്റ്റേഡിയത്തിലെ കുസൃതികളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ .

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 സെമിഫൈനൽ പോരാട്ടം കാണാൻ കാണികൾക്കിടയിൽ സർപ്രൈസ് അതിഥികളായി ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും മകൾ രാഹ കപൂറും എത്തിയിരുന്നു . അപൂർവമായി മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള രാഹയുടെ സ്റ്റേഡിയത്തിലെ കുസൃതികളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ . സഞ്ജുവിന്റെ കളി കണ്ട് രൺബീറിന്റെ മടിയിലിരുന്ന് ആവേശത്തോടെ കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആലിയയേയും രാഹയേയും ദൃശ്യങ്ങളിൽ നമുക്ക്കാണാം. കളി ആസ്വദിക്കുന്നതിനിടയിലും മകളുടെ കുസൃതികൾ കണ്ട് ചിരിക്കുകയും മകളെ മാറോടു ചേർത്ത് ഒമാനിക്കുകയും ചെയ്യുന്ന ആലിയയുടെ ദൃശ്യങ്ങളും ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. മൈതാനത്തെ എന്തോ കണ്ട് അത്ഭുതത്തോടെ വിരൽ ചൂണ്ടുന്ന രാഹയുടെ ക്യൂട്ട് വിഡിയോയും ഇതിനോടകം തരംഗമാണ്.

2022 ഏപ്രിലിലായിരുന്നു ആലിയയുടെയും രൺബീറിന്റെയും വിവാഹം. അതേവർഷം നവംബറിലാണ് രാഹ ജനിക്കുന്നത്. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം 2023 ക്രിസ്മസ് ദിനത്തിലാണ് ഇരുവരും മകളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. രാഹയുടെ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങൾക്കകമാണ് വൈറലായത്. ആലിയക്കും രൺബീറിനും പുറമെ ബോളിവുഡിലെയും ബിസിനസ് രംഗത്തെയും പ്രമുഖർ സെമിഫൈനൽ ആവേശത്തിൽ പങ്കുചേരാൻ എത്തിയിരുന്നു. നടന്മാരായ വരുൺ ധവാൻ, അനിൽ കപൂർ എന്നിവരും നിത അംബാനി, രാധിക മെർച്ചന്റ്, ആകാശ് അംബാനി, ശ്ലോക മേത്ത തുടങ്ങിയവരും ഗാലറിയിലുണ്ടായിരുന്നു.


Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story