"എന്റെ ജീവിതവും ജീവിതശൈലിയും മാറ്റേണ്ട ഒരു ഘട്ടത്തിലായിരുന്നു ഞാൻ." വെളിപ്പെടുത്തി രൺബീർ കപൂർ
രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്

ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോഴിതാ താൻ ആദ്യം ഈ വേഷം നിരസിച്ചിരുന്നുവെന്ന് പറയുകയാണ് രൺബീർ.
ഏകദേശം നാലുവർഷം മുമ്പ് നിർമാതാവ് നമിത് ആണ് ഈ സിനിമയെക്കുറിച്ച് എന്നോട് പറയുന്നത്, ഈ റോളിനെക്കുറിച്ച് എന്നോട് സംസാരിക്കുന്നതും. പക്ഷേ ഉടനെ തന്നെ ഞാൻ 'നോ' പറഞ്ഞു. ഞാൻ വേണ്ടത്ര ഫിറ്റല്ല, വേണ്ടത്ര നല്ലവനല്ല. ഈ കഥാപാത്രത്തോട് എനിക്ക് പൂർണനീതി പുലർത്താൻ കഴിയില്ലെന്നും എനിക്ക് തോന്നി.ആദ്യത്തെ ഭയം വളരെ പെട്ടെന്ന് കൃതജ്ഞതയായി മാറി. കാരണം ഇതുപോലുള്ള അവസരങ്ങൾ എനിക്ക് കരിയറിൽ വളരെ ആവശ്യമായിരുന്നു.
എന്റെ ജീവിതവും ജീവിതശൈലിയും മാറ്റേണ്ട ഒരു ഘട്ടത്തിലായിരുന്നു ഞാൻ. ഞാൻ ആദ്യമായി അച്ഛനായി. ശ്രീരാമനായി അഭിനയിക്കാനുള്ള അവസരം ലഭിക്കുകയും അച്ഛനാവുകയും ചെയ്യുന്നത് ഒരു മധുരമുള്ള യാദൃശ്ചികതയായി എനിക്ക് തോന്നി. അതെന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവിന് ആവശ്യമായിരുന്നുവെന്നും ഞാൻ കരുതുന്നുരാമാനന്ദ് സാഗറിന്റെ 'രാമായണം' കണ്ട ദിവസം മുതൽ തന്നെ തയ്യാറെടുപ്പ് ആരംഭിച്ചുവെന്ന് ഞാൻ കരുതുന്നു. അത് നമ്മുടെ മനസ്സിൽ അത്രയധികം പതിഞ്ഞിരിക്കുന്നതും നമ്മിൽ ആഴത്തിൽ വേരൂന്നിയതുമായ കഥയെയും ശ്രീരാമന്റെ യാത്രയെയും കുറിച്ച് ഞങ്ങൾക്ക് അഭിമാനമുണ്ട്. അദ്ദേഹത്തെ അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചപ്പോൾ, ധാരാളം തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നു. ശാരീരികമായി മാത്രമല്ല, വൈകാരികമായും ആത്മീയമായും. അത് മനസ്സിലാക്കുകയും വളരെ സത്യസന്ധത പുലർത്തുകയും ചെയ്യുക എന്നതാണ് പ്രധാനം. ഈ ഭാഗത്തോടും രാമായണത്തിന്റെ കഥയോടും എനിക്ക് വളരെയധികം സ്‌നേഹവും ബഹുമാനവും ഉണ്ട്', രൺബീർ പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലോസ് ഏഞ്ചലിസിൽ നടന്ന പരിപാടിയിലാണ് നടന്റെ പ്രതികരണം.
