തൃഷയും വിജയ്‌യും ഒന്നിച്ചെത്തിയ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു

ഇരുവരും ഉറ്റ സുഹൃത്തുക്കളാണെന്നും ഇങ്ങനെയൊരു ചടങ്ങിൽ ഒരുമിച്ചെത്തിയതിൽ എന്താണ് കുഴപ്പമെന്നും ഒരുപക്ഷം

പ്രമുഖ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴിലെ പ്രശസ്ത നിർമാതാവ് ജി. ധനഞ്ജയൻ രംഗത്ത് . പ്രശസ്തരും ഒട്ടേറെ ആരാധകരുമുള്ള പൊതുവ്യക്തിത്വങ്ങൾക്ക്, എങ്ങനെയാണ് സത്യസന്ധമായ ജീവിതം നയിക്കേണ്ടതെന്ന് സാധാരണക്കാർ കാണിച്ചുകൊടുക്കേണ്ട ഗതികേടാണെന്നും ധനഞ്ജയൻ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ആ ഉത്തരവാദിത്തം മറന്നാൽ ആളുകൾക്ക് അവരോടുള്ള ബഹുമാനം നഷ്ടപ്പെടുമെന്നും അദ്ദേഹം വിമർശിച്ചു. നിയമപരമായി വിവാഹമോചനം നേടിയ ശേഷം മാത്രമെ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ പാടുള്ളൂവെന്നും വിജയ്‌യുടെ പേരെടുത്ത് പറയാത്ത പോസ്റ്റിലെ കമന്റിന് മറുപടിയായി ധനഞ്ജയൻ വ്യക്തമാക്കി

‘അധികാരവും പ്രശസ്തിയുമുണ്ടാവുമ്പോൾ ഉത്തരവാദിത്തവും വർധിക്കുന്നു എന്നത് സ്‌പൈഡർമാനിലെ പ്രശസ്തമായ സംഭാഷണമാണ്. സത്യസന്ധവും ആത്മാഭിമാനവുമുള്ള ജീവിതം എങ്ങനെ നയിക്കണമെന്ന് സാധാരണക്കാർക്ക് കാണിച്ചുകൊടുക്കേണ്ട ബാധ്യത പ്രശസ്തരായ ആളുകൾക്കുണ്ട്. അത് അവഗണിക്കുമ്പോൾ എല്ലാവർക്കും അവരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നു,’ ധനഞ്ജയൻ എക്‌സിൽ കുറിച്ചു.

‘ഏതൊരു വ്യക്തിക്കും കുടുംബമാണ് പ്രധാനം. കുടുംബത്തെ അവഗണിക്കുകയോ മാനസികമായും വൈകാരികമായും അധാർമികമായി പെരുമാറുകയോ ചെയ്താൽ, അവരോടുള്ള സ്‌നേഹവും ബഹുമാനവും നഷ്ടപ്പെടുന്നു. ഇത്തരം പ്രവൃത്തികളെ ഒരു സാഹചര്യത്തിലും സാധാരണമായിക്കാണാനോ ന്യായീകരിക്കാനുമാവില്ല . കുടുംബത്തോട് ചേർന്നുനിൽക്കുന്ന വ്യക്തിയെന്ന നിലയിൽ, ലക്ഷക്കണക്കിന് ആരാധകർക്ക് തെറ്റായ മാതൃക കാണിക്കുന്ന ചില പ്രമുഖ നടന്മാരുടെ പ്രവൃത്തികൾ എന്നെ അലട്ടുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു

ധനഞ്ജയന്റെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്. അത്തരത്തിൽ ഒരു കമന്റിന് മറുപടിയായാണ്, നിയമപരമായി വിവാഹമോചനം നേടിയ ശേഷമേ, ഇഷ്ടമുള്ള മറ്റൊരാൾക്കൊപ്പം ജീവിക്കാൻ പാടുള്ളൂയെന്ന നിലപാട് ധനഞ്ജയൻ വ്യക്തമാക്കിയത്. ‘കുടുംബമായി ജീവിക്കുന്ന ഒരാൾ ആദ്യം നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തണം. എന്നിട്ടേ ഇഷ്ടമുള്ള രീതിയിൽ ആർക്കൊപ്പം വേണമെങ്കിലും ജീവിക്കാൻ പാടുള്ളൂ. അങ്ങനെയല്ലാത്ത ജീവിതരീതികളെ സാധാരണവത്കരിക്കരുത്. ഇങ്ങനെയുള്ള സമീപനം എല്ലാവരും പിന്തുടർന്നാൽ അത് സമൂഹത്തെ നശിപ്പിക്കും. അങ്ങനെ ജീവിക്കുന്ന എല്ലാ അഭിനേതാക്കളോടുമാണ്, ഒന്നോ രണ്ടോപേരോടല്ല,’ അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് വിജയ‌്‌യും തൃഷയും ഒന്നിച്ചെത്തിയത്. ഇത് വൻ ചർച്ചയായിരുന്നു . ഇരുവരും ഒരുകാറിൽ, ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. വധൂവരന്മാര്‍ക്ക് ആശംസകൾ നേർന്ന് കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം സമയം ചെലവഴിച്ചതിനു ശേഷമാണ് ഇരുവരും വേദി വിട്ടത്. തൃഷയും വിജയ്‌യും ഒന്നിച്ചെത്തിയ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഊഹാപോഹങ്ങളും ഇരുവരുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം ശരിയാണെന്ന തരത്തിലാണ് കമന്റുകൾ. ഇരുവർക്കുമെതിരെ കടുത്ത വിർമശനവും ഉയരുന്നുണ്ട്.

എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും ഇങ്ങനെയൊരു ചടങ്ങിൽ ഒരുമിച്ചെത്തിയതിൽ എന്താണ് കുഴപ്പമന്നും ചോദിക്കുന്നവരുമുണ്ട്. നേരത്തെ വിജയ്‌യുടെ ദാമ്പത്യം തകരാൻ കാരണം തൃഷയാണെന്ന് ആരോപിച്ച് നടന്റെ ആരാധകർ തൃഷയ്ക്കു നേരെ സൈബർ ആക്രമണം നടത്തിയിരുന്നു

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story