മലയാളത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ഡ്രാമകളിലൊന്ന്; ബാലചന്ദ്രമേനോന്‍ ഗംഭീരം!
Sibi Malayil Says Prathichaya one of best malayalam political drama movies

മലയാള സിനിമയിലെ മികച്ച പൊളിറ്റിക്കല്‍ ഡ്രാമകളിലൊന്നാണ് ബി ഉണ്ണികൃഷ്ണന്റെ പ്രതിഛായയെന്ന് സംവിധായകന്‍ സിബി മലയില്‍. നിവിന്‍ പോളി, ബാലചന്ദ്രമേനോന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം സമകാലിക കേരള രാഷ്ട്രീയത്തെ പക്ഷം പിടിക്കാതെ സത്യസന്ധമായി അവതരിപ്പിച്ചെന്നും സിബി മലയില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സിബി മലയിലിന്റെ കുറിപ്പ്:
പ്രിയസുഹൃത്ത് ബി.ഉണ്ണികൃഷ്ണന്റെ പുതിയ സിനിമ പ്രതിഛായ കണ്ടു. ഏറെക്കാലത്തിനു ശേഷമാണ് രാഷ്ടീയ പശ്ചാത്തലത്തിലുളള ചടുലമായ ഒരു സിനിമ കാണാന്‍ അവസരമുണ്ടായത്. സമകാലീന കേരള രാഷ്ട്രീയത്തെ പക്ഷം പിടിക്കാതെ സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് പ്രതിഛായയെ വ്യതിരിക്തമാക്കുന്നത്. രാഷ്ട്രീയ ചേരിപ്പോരുകളുടെ പിന്നാമ്പുറങ്ങളില്‍ ചവിട്ടിമെതിക്കപ്പെടുന്ന ജീവിതങ്ങളെ, ശിഥിലമാക്കപ്പെടുന്ന കുടുംബബന്ധങ്ങളെ, തകര്‍ക്കപ്പെടുന്ന പ്രതിഛായകളെ ഏറെ മികവോടെ ഉണ്ണികൃഷ്ണന്‍ നമ്മളിലേക്ക് എത്തിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയായുള്ള ശ്രീ ബാലചന്ദ്രമേനോന്റെ പകര്‍ന്നാട്ടം പരാമര്‍ശിക്കാതെ ഈ കുറിപ്പു പൂര്‍ണമാകില്ല, ഒപ്പം തന്നെ നിവിന്‍ പോളിയുടെയും മറ്റ് ഒരോ അഭിനേതാവിന്റെയും പ്രകടനങ്ങളും. ഛായാഗ്രഹണം, പശ്ചാത്തല സംഗീതം ഉള്‍പ്പെടെ എല്ലാ സാങ്കേതികവിഭാഗങ്ങളും ഗംഭീര പിന്തുണയുമായി സംവിധായകനൊപ്പമുണ്ട്. ശ്രീ ഉണ്ണികൃഷ്ണന്റെ നാളിതുവരെയുള്ള ചിത്രങ്ങളുടെ മുന്‍നിരയിലാണ് പ്രതിഛായയുടെ സ്ഥാനം. മലയാളത്തിലുണ്ടായ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ഡ്രാമകളുടെ ഗണത്തിലേക്കു കാലം ചേര്‍ത്തു വെക്കുന്ന ചിത്രമായി പ്രതിഛായ അടയാളപ്പെടുത്തപ്പെടും എന്നെനിക്ക് ഉറപ്പുണ്ട്.
കേരളത്തില്‍ ചര്‍ച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഇത്. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. ശ്രീ ഗോകുലം മൂവീസ്, ആര്‍ ഡി ഇലുമിനേഷന്‍സ് എല്‍എല്‍പി എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമാ ജീവിതത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ ബാലചന്ദ്ര മേനോന്‍ അതിശക്തമായ കഥാപാത്രമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഷറഫുദ്ദീന്‍, ഹരിശ്രീ അശോകന്‍, മണിയന്‍പിള്ള രാജു, നീതു കൃഷ്ണ, ആന്‍ അഗസ്റ്റിന്‍, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗര്‍, ആര്‍ജെ വിജിത, സായ് കുമാര്‍, വൈശാഖ് ശങ്കര്‍, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണന്‍, ചിലമ്പന്‍ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
