40 വയസുള്ള നായകനെ പ്രണയിക്കുന്ന 20 വയസുള്ള നായികയുടെ കഥ,ടീസർ പുറത്ത്
പക്കാ ഫാമിലി ഡ്രാമയാകും സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്.

തമിഴ് സിനിമാ ലോകമടക്കം ഒരുപോലെ ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. മോശം സിനിമകളിലൂടെയും ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെയും കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല സൂര്യക്ക്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. വെങ്കി അറ്റ്ലൂരി ഒരുക്കുന്ന വിശ്വനാഥ് ആൻഡ് സൺസിലാണ് ഇനി സൂര്യ ആരാധകരുടെ മുഴുവൻ പ്രതീക്ഷയും. സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവന്നു.ഒരു പക്കാ ഫാമിലി ഡ്രാമയാകും സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. 40 വയസുള്ള നായകനെ പ്രണയിക്കുന്ന 20 വയസുള്ള നായികയുടെ കഥയാണ് സിനിമ പറയുന്നത്. മമിത ബൈജു ആണ് സിനിമയിൽ നായികയായി എത്തുന്നത്. മമിതയുടെ ഗംഭീര പെർഫോമൻസ് തന്നെ സിനിമയിൽ നിന്ന് പ്രതീക്ഷിക്കാം എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. ജൂലൈയിൽ സിനിമ പുറത്തുവരും. 'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് വിശ്വനാഥ് ആൻഡ് സൺസ്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
