"ദുൽഖർ സൽമാനും ടോവിനോയും തമ്മിൽ എന്താണ് പ്രശ്നം?' ചോദ്യം കേട്ടതോടെ ടൊവിനോയ്ക്ക് ചിരി നിർത്താനായില്ല

തമിഴ്നാട്ടിലെത്തിയപ്പോള്‍ ടൊവിനോയ്ക്കുണ്ടായ അനുഭവം വൈറൽ

പള്ളിച്ചട്ടമ്പി സിനിമയുടെ പ്രമോഷനായി തമിഴ്നാട്ടിലെത്തിയപ്പോള്‍ ടൊവിനോയ്ക്കുണ്ടായ അനുഭവം വൈറലാകുന്നു. പ്രമോഷന്‍റെ ഭാഗമായി ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു തമിഴ് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യമുണ്ടായത്. ‘ലോക’ സിനിമയുടെ അണിയറക്കാരും ദുൽഖർ സൽമാനും ചേർന്ന് എന്തുകൊണ്ട് താങ്കളെ ഒതുക്കിയന്നായിരുന്നു ടൊവിനോയോട് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ചോദ്യം കേട്ടതോടെ ടൊവിനോയ്ക്ക് ചിരി നിർത്താനായില്ല. ദുൽഖറിനെ ഇപ്പോൾ തന്നെ ഫോൺ വിളിച്ചു ചോദിക്കാമെന്നും ടൊവിനോ മാധ്യമ പ്രവർത്തകനോട് മറുപടിയായി പറഞ്ഞു.

‘ലോക’ എന്ന സിനിമയിൽ താങ്കള്‍ ഗംഭീര അഭിനയമായിരുന്നു. രണ്ടാം ഭാഗത്തിൽ നായകനും വില്ലനുമാണെന്നാണ് കേൾക്കുന്നത്. ആദ്യ ഭാഗം വലിയ വിജയവുമായിരുന്നു. എന്നാൽ, ടൊവിനോയെക്കുറിച്ച് ആ ടീം ആരും ഒന്നും പറഞ്ഞു കേട്ടില്ല. താങ്കളെക്കുറിച്ച് ചോദിക്കുമ്പോഴും അവർ മൗനം പാലിച്ചു. ദുൽഖർ സൽമാനും നിങ്ങളും തമ്മിൽ എന്താണ് പ്രശ്നം?' ഇതായിരുന്നു ചോദ്യംഅതിന് കുറിക്ക് കൊള്ളുന്ന മറുപടി ഉടനടി താരം നല്‍കി.‘ഞങ്ങളെല്ലാം വർഷങ്ങളായി ഒരുമിച്ച് അഭിനയിച്ച് പരിചയമുള്ളവരാണ്. ഞാൻ അസി. ഡയറക്ടറായി തുടങ്ങിയതു തന്നെ ദുൽഖർ അഭിനയിച്ച ‘തീവ്രം’ എന്ന സിനിമയിലൂടെയാണ്. അടുത്ത പടവും ദുൽഖറിനൊപ്പമായിരുന്നു, ‘എബിസിഡി’ എന്ന ആ സിനിമയിൽ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിച്ചു. അന്ന് തൊട്ട് ഇന്നുവരെ ദുൽഖർ എന്നോട് വളരെ സ്വീറ്റ് ആയി മാത്രമേ പെരുമാറിയിട്ടുള്ളൂ. നിങ്ങൾ ഇപ്പോൾ പറഞ്ഞത് റെക്കോര്‍ഡ് ചെയ്ത് ലോക ടീം എല്ലാവരും ചേർന്ന് കേട്ടാൽ പൊട്ടിച്ചിരിക്കും. ലോക സിനിമയുടെ സംവിധായകനായ അരുൺ, അദ്ദേഹത്തിന്റെ ആദ്യ ചിത്രം ‘തരംഗം’ ചെയ്തത് എനിക്കൊപ്പമാണ്. കല്യാണിക്കൊപ്പം ‘തല്ലുമാല’ ചെയ്തിട്ടുണ്ട്. നസ്‌ലിൻ സഹോദരനെപ്പോലെയാണ്. ദുൽഖർ അത്രയും സ്വീറ്റ് ആണ്. ‘ലോക’ സിനിമയുടെ റിലീസ് സമയത്ത് ദുൽഖർ ആണ് എന്നെ ഇങ്ങോട്ട് വിളിച്ച് ദുബായിൽ പ്രമോഷനു വരാൻ പറയുന്നത്. അദ്ദേഹം തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് രണ്ട് ദിവസം എന്നെ അവിടെ താമസിപ്പിച്ചു.

നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടങ്കില്‍ ഞങ്ങളുടെ വാട്ട്സാപ്പ് ചാറ്റ്സ് കാണിച്ചു തരാം. അപ്പോൾ നിങ്ങൾക്ക് വ്യക്തമാകും എന്താണ് ഞങ്ങളുടെ സൗഹൃദമെന്ന്. വെളിയിലിരുന്ന് കാണുന്നവർക്ക് ഇത്തരം ഗോസിപ്പുകളും ഊഹാപോഹങ്ങളും കൊളുത്തി വിടുന്നത് വളരെ എളുപ്പമാണ്. മിക്ക സമയത്തും ഇതെല്ലാം കണ്ട് ചിരിച്ചു തള്ളുകയാണ് ഞങ്ങൾ ചെയ്യാറുള്ളത്. ഞാൻ തമാശ പറയുന്നതല്ല, നിങ്ങൾക്ക് വേണമെങ്കിൽ എന്റെ വാട്ട്സാപ്പ് ചാറ്റ് പരിശോധിക്കാം. ‘ലോക’ രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയാറായി കൊണ്ടിരിക്കുകയാണ്. ആ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഞങ്ങളെല്ലാം ഇവിടെ വരും. അപ്പോൾ അവരോട് തന്നെ നിങ്ങൾ എന്നെക്കുറിച്ച് ചോദിച്ചു നോക്കൂ. ഇത്തരം ഊഹാപോഹങ്ങളൊക്കെ ആരാണ് കണ്ട് പിടിക്കുന്നത്, എന്ത് സന്തോഷമാണ് ഇതിൽ നിന്നും ഉണ്ടാകുന്നത്.’ എന്നായിരുന്നു ടൊവിനോയുടെ മറുപടി..

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story