വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെന്നെ ഉള്ളു തങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നത്പ്രിയദർശൻ
ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ എന്നെങ്കിലും ഒന്നിക്കുമെന്നാണ് ഭാഗ്യലക്ഷ്മി

മലയാളികളുടെ പ്രിയ സംവിധായകനും അഭിനേത്രിയുമാണ് പ്രിയദർശനും ലിസിയും. 1990ലായിരുന്നു ഇവരുടെ വിവാഹം. ശേഷം 2016ൽ വിവാഹമോചിതരാകുകയും ചെയ്തു. എന്നിരുന്നാലും പൊതുവേദികളിലെല്ലാം ഇവർ ഒന്നിച്ചെത്താറുണ്ടായിരുന്നു. ഇപ്പോഴിതാ ഏറെ നാളത്തെ വേർപിരിഞ്ഞുള്ള ജീവിതത്തിന് ലിസിയും പ്രിയദർശനും വിരാമമിട്ടിരിക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ ആയിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെന്നെ ഉള്ളുവെന്നും തങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞതായും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച സന്തോഷം പങ്കിട്ടിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ എന്നെങ്കിലും ഒന്നിക്കുമെന്നാണ് ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
"ചില സിനിമയിലെ നായകനും നായികയും പിരിയുമ്പോൾ നാം ചിന്തിക്കും അയ്യോ അവർ പിരിയേണ്ടിയിരുന്നില്ല എന്ന്.. ചില ബന്ധങ്ങൾ അങ്ങനെയാണ്. ആത്മാർത്ഥ പ്രണയം ഉള്ളിൽ ഉണ്ടെങ്കിൽ എത്ര അകന്ന് പോയാലും എന്നെങ്കിലും അവർ ഒന്നിക്കും. ഒന്നിക്കാതിരിക്കാനാവില്ല അവർക്ക്. ഒരുപാട് സന്തോഷം തോന്നി ഈ വാർത്ത കേട്ടപ്പോൾ..", എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചത്.
