ആട് 3, ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഓപ്പണിങ് നേടാനൊരുങ്ങുന്നു
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ഓപ്പണിങ് ചിത്രം

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്' ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഓപ്പണിങ് നേടാനൊരുങ്ങുകയാണ് . കേരളത്തിലും കേരളത്തിന് പുറത്തും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തുന്ന ആട് 3 യുടെ പ്രീസെയില്‍സ് ഓരോ മണിക്കൂറിലും കുതിക്കുകയാണ്. ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയി നില്‍ക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ കോടികളുടെ അഡ്വാന്‍സ് ബുക്കിംഗ് ലഭിച്ചു കഴിഞ്ഞു.വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ജയസൂര്യ നായകനായ ഈ വമ്പന്‍ കോമഡി ഫാന്റസി ചിത്രം നിര്‍മ്മിക്കുന്നത്. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
അടുത്തിടെ പുറത്തു വന്ന, ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പര്‍ ഹിറ്റായി മാറിയതോടെ ചിത്രത്തെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേല്‍ക്കാനൊരുകുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ താരമായ വേദികയുടെ മനോഹരമായ നൃത്ത ചുവടുകളുമായി എത്തിയ 'സുല്‍ത്താന്‍' എന്ന ഗാനം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സെന്‍സറിങ് പൂര്‍ത്തിയാക്കി ക്ലീന്‍ 'U' സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 47 മിനിറ്റ് ആണ്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ഫാന്റസി ഘടകങ്ങളും കോര്‍ത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നതും പ്രേക്ഷകരുടെ ആവേശവും കൗതുകവും വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കിയത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ഓപ്പണിങ് ആണ് ചിത്രം സ്വന്തമാക്കാനൊരുങ്ങുന്നത്.
