ക്ലൈമാക്സ് അറിഞ്ഞപ്പോൾ ഷോക്കായി: റോഷൻ മാത്യു

റോഷൻ മാത്യുവും ദർശന രാജേന്ദ്രനും പ്രാധാന കഥാപാത്രങ്ങളായി വിഖ്യാത ശ്രീലങ്കൻ ഫിലിം മേക്കർ പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത ‘പാരഡൈസ്’ നാളെ തിയേറ്ററുകളിൽ എത്തും. ഇരുപത്തിയെട്ടാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ കിം ജിസെയോക്ക് (Kim Jiseok) അവാർഡ് കരസ്ഥമാക്കിയ ചിത്രം കൂടിയാണ് പാരഡൈസ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് റോഷൻ മാത്യു പറഞ്ഞ കാര്യം ചർച്ചയാവുകയാണ്. ചിത്രത്തിന്റെ ക്ലൈമക്സ് വായിച്ച് ഷോക്കായി പോയെന്നാണ് റോഷൻ പറയുന്നത്. താൻ വായിച്ച മൂന്നോ നാലോ ഡ്രാഫ്റ്റുകളിൽ ഇതായിരുന്നില്ല ക്ലൈമാക്സെന്നും റോഷൻ പറഞ്ഞു.

“ഞാൻ വായിച്ച മൂന്നോ നാലോ ഡ്രാഫ്റ്റുകളിൽ ഇതായിരുന്നില്ല ക്ലൈമാക്സ്. ഷൂട്ടിന് ഇങ്ങനെയൊരു ക്ലൈമാക്സ് ആണെന്നറിഞ്ഞപ്പോൾ ഉൾക്കൊള്ളാനായില്ല. ദർശനയ്ക്ക് കിട്ടിയ ഡ്രാഫ്റ്റിൽ ഇപ്പോഴുള്ള ക്ലൈമാക്സ് ആയിരുന്നു. ഇതാണ് ക്ലൈമാക്സ് എന്നറിഞ്ഞപ്പോൾ ഷോക്കായി, എതിർത്ത് നോക്കി, ഇങ്ങനെയൊന്നും സംഭവിക്കില്ല സാർ എന്ന് പറഞ്ഞു. ‘റോഷന് എന്താണ് അൺ ഫെയർ എന്ന് തോന്നിയത്, അത് എഴുതൂ’ എന്ന് പ്രസന്ന സാർ പറഞ്ഞു. പിന്നീടാണ് അതിലേക്ക് എത്തിയത്.

സ്ക്രിപ്റ്റിലും എന്താണ് കാരക്ടറിന്റെ മനസിലെന്നും മൂഡെന്നും ഡിസ്ക്രിപ്ഷൻ പ്രസന്ന സാർ എഴുതില്ല. സിനിമ തുടങ്ങുന്നതിന് മുമ്പ് എത്ര ഡീറ്റെയിലായ ഡിസ്കഷനും സാർ തയ്യാറാണ്. ആദ്യഘട്ടത്തിൽ തന്നെ ക്ലൈമാക്സ് പൂർത്തിയാക്കിയാണ് സാർ മറ്റ് രംഗങ്ങളിലേക്ക് കടക്കുന്നത്.” എന്നാണ് അഭിമുഖത്തിൽ റോഷൻ മാത്യു പറഞ്ഞത്.

രണ്ട് മലയാളി ദമ്പതികൾ വിവാഹവാർഷികം ആഘോഷിക്കാനും, രാമായണവുമായി ബന്ധപ്പെട്ട ലൊക്കേഷനുകൾ എക്സ്പ്ലോർ ചെയ്യുവാനുമായി ശ്രീലങ്കയിൽ എത്തുന്നതും, തുടർന്ന് രാജ്യത്തുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവുമാണ് ചിത്രത്തിന്റെ പ്രമേയം. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയാണ് പാരഡൈസ്.

ന്യൂട്ടൺ സിനിമ നിർമ്മിച്ച ചിത്രം തമിഴ് സംവിധായകൻ മണി രത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ഇംഗ്ലീഷ്,മലയാളം,തമിഴ്,ഹിന്ദി,സിംഹള എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത ശ്രീലങ്കൻ അഭിനേതാക്കളായ മഹേന്ദ്ര പെരേര,ശ്യാം ഫെർണാൻഡോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്

Related Articles
Next Story