’ഉള്ളൊഴുക്ക്’ ഹോളിവുഡിലേക്ക്; ലോസ്ആഞ്ചലെസ് പ്രീമിയറിനൊരുങ്ങി ചിത്രം

Starcast : Urvashi, Parvathy Thiruvothu, Arjun Radhakrishnan

Director: Christo Tomy

( 4 / 5 )

‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രം ‘ഉള്ളൊഴുക്ക്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാർവതി തിരുവോത്ത്, ഉർവശി, പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

പാർവതിയുടെയും ഉർവശിയുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇപ്പോഴിതാ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചലെസിലേക്ക് (ഐഎഫ്എഫ്എൽഎ) തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഉള്ളൊഴുക്ക്. ജൂൺ 29-നാണ് ചിത്രത്തിന്റെ പ്രീമിയർ നടക്കുന്നത്.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്. എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. ‘രഹസ്യങ്ങൾ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്‌ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.


Related Articles

Next Story