വാക്കിംഗ് സ്റ്റൈൽ റഷ്യൽ പ്രസിഡന്റ് വ്ലാഡിമർ പുടിന്റേത് - വെളിപ്പെടുത്തി വിനായകൻ
ഡ്യൂഡിന്റെ ലുക്കും സ്റ്റൈലും വാക്കിംഗ് സ്റ്റൈലും എല്ലാം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.

പരാജയപ്പെട്ടൊരു സിനിമ അതിന് രണ്ടാം ഭാഗം വരിക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. അതിനാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസും നിർമാതാവ് വിജയ് ബാബുവും 2017ൽ കച്ചകെട്ടി ഇറങ്ങിയത്. ആദ്യ സിനിമ തിയറ്ററിൽ പരാജയമായിരുന്നുവെങ്കിൽ രണ്ടാം ഭാഗം വൻ ഹിറ്റായി മാറി. ഒടുവിൽ അതിനൊരു മൂന്നാം ഭാഗം ഇറക്കി മലയാള സിനിമാസ്വാദകരെ ഒന്നാകെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഇരുവരും. പറഞ്ഞ് വരുന്നത് ആട് ഫ്രാഞ്ചൈസിയെ കുറിച്ചാണ്. ഇന്ന് തിയറ്ററിൽ എത്തിയ ആട് 3ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്ആട് ഫ്രാഞ്ചൈയിലെ എല്ലാ കഥാപാത്രങ്ങളും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിൽ ഇവരെന്തൊക്കെ ആകും കാഴ്ചവച്ചിരിക്കുകയെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഏവരും. ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നാണ് റിവ്യുകളിൽ നിന്നും വ്യക്തമാകുന്നത്. ആടിലെ ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നാണ് ഡ്യൂഡ്. നടൻ വിനായകൻ ആണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഡ്യൂഡിന്റെ ലുക്കും സ്റ്റൈലും വാക്കിംഗ് സ്റ്റൈലും എല്ലാം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഇപ്പോഴിതാ ആ വാക്കിംഗ് സ്റ്റൈൽ റഷ്യൽ പ്രസിഡന്റ് വ്ലാഡിമർ പുടിന്റേതാണെന്ന് പറയുകയാണ് വിനായകൻ. പ്രൊമോഷൻ അഭിമുഖത്തിനിടെ ആയിരുന്നു നടന്റെ വെളിപ്പെടുത്തൽ.
"ഞാൻ ഏറ്റവും കൂടുതൽ ദൈവത്തെ വിളിച്ച് അഭിനയിച്ച പടമാണിത്. കുതിരപ്പുറത്തേറി പേടിച്ചു. കുതിറപ്പുറത്തൊന്ന് കയറി നോക്ക് അപ്പോഴറിയാം പണി. വാങ്ങുന്ന കാശിന് ഞാൻ കൃത്യമായി ജോലി ചെയ്യുന്നുണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും സ്പെഷ്യൽ സ്റ്റൈലുണ്ടായിരിക്കും. അത് വിനായകന്റെ സ്റ്റൈലാണ്. ഡ്യൂഡിന് വാക്കിംഗ് സ്റ്റൈൽ ഇതിന് മുൻപ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കണ്ടാലറിയാൻ പറ്റും വിനായകൻ അതെവിടുന്നാ അടിച്ച് മാറ്റിയതെന്ന്. പുടിൻ അങ്ങനെയാണ് നടക്കുന്നത്", എന്നാണ് വിനായകൻ പറഞ്ഞത്.
