ഭരതൻ പുരസ്കാരം ബ്ലെസിക്കും കെപിഎസി ലളിത പുരസ്കാരം ഉർവശിക്കും ലഭിച്ചു

കൊച്ചി: ഭരതൻ സ്മൃതി വേദിയുടെ ഭരതൻ പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്. കല്യാൺ സുവർണ്ണ മുദ്രയും ശില്പവുമാണ് പുരസ്കാരം. ഭരതൻ സ്മൃതി വേദിയുടെ കെപിഎസി ലളിത പുരസ്കാരം ചലച്ചിത്ര നടി ഉർവശിക്ക് സമ്മാനിക്കും. 25000 രൂപയും ശില്പവും ആണ് പുരസ്കാരം. ജൂലൈ 30ന് തൃശൂർ റീജിയണൽ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ ഉർവശിക്കും ബ്ലെസിക്കും പുരസ്കാരങ്ങൾ സമ്മാനിക്കും.

ആടുജീവിതമാണ് ബ്ലെസിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം ബെന്യാമിൻറെ പ്രശസ്ത നോവലായ ആടുജീവിതത്തിൻറെ സിനിമാവിഷ്കാരമായിരുന്നു. പ്രഖ്യാപന സമയം മുതൽ മലയാളികൾ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം.

ഉള്ളൊഴുക്ക് എന്ന ചിത്രമാണ് ഉർവശിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി 'കറി& സയനൈഡ്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ഈ ചിത്രത്തിൽ പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തിയിരുന്നു. സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ ഏറെ ശ്രദ്ധനേടിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടുകയാണ്.

Related Articles

Next Story