എന്താണ് രശ്മികയുടെ ഇനിയുള്ള പദ്ധതി? സിനിമയിൽ ഉണ്ടാവുമോ? വിവാഹശേഷം ദമ്പതിമാർ എന്താണ് തീരുമാനിച്ചിരിക്കുന്നത്?
കുറച്ചുനാൾ പൊതുചടങ്ങുകളിൽ നിന്നൊക്കെ മാറിനിൽക്കാൻ ഉദ്ദേശിക്കുന്നു എന്ന് വിജയ് ദേവരകൊണ്ട

രശ്മിക മന്ദാനയുടേയും വിജയ് ദേവരകൊണ്ടയുടേയും വിവാഹം സ്വപ്‌നതുല്യമായ വിവാഹച്ചടങ്ങുകളോടെയാണ് കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ഉദയ്പുരിലുള്ള ആഡംബര ഹോട്ടലിൽ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്. എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് രശ്മികയ്ക്ക് വിജയ് താലിചാർത്തി. ഈ താരജോഡിക്ക് ആരാധകർ നൽകിയ പേരാണ് 'വിരോഷ്'. ഈ പേരാണ് അവർ വിവാഹ ചടങ്ങുകൾക്കും നൽകിയത്.
വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷം മാർച്ച് നാലിന് ഇരുവരും ഹൈദരാബാദിൽ വിവാഹസൽക്കാരം സഘടിപ്പിച്ചു. തുടക്കത്തിൽ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമാരംഗത്തെ പ്രമുഖരെയെല്ലാം വിളിച്ച് വമ്പൻ പരിപാടിയായി നടത്താനിരുന്ന സത്കാരം പിന്നീട് സുരക്ഷാ കാരണങ്ങളാൽ ക്ഷണിക്കപ്പെട്ട പരിമിതമായ അതിഥികളെ മാത്രം ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്.
വിവാഹശേഷം ഇനിയെന്ത് ?എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്.
ചലച്ചിത്രതാരങ്ങൾ വിവാഹിതരാവുമ്പോൾ, പ്രത്യേകിച്ചും നടിമാർ വിവാഹിതരാവുമ്പോൾ, ഉയരുന്ന ചോദ്യമാണിത്. വിവാഹശേഷം പതിയെ കുടുംബജീവിതത്തിലേക്ക് ഒതുങ്ങിക്കൂടുന്നവരാണ് മിക്കവരും. എന്താണ് രശ്മികയുടെ ഇനിയുള്ള പദ്ധതി? സിനിമയിൽ ഉണ്ടാവുമോ? വിവാഹശേഷം ദമ്പതിമാർ എന്താണ് തീരുമാനിച്ചിരിക്കുന്നത്?
വിശ്രമത്തിനാണ് ഇരുവരും ആദ്യം പ്രാധാന്യം നൽകുന്നത്. ഹൈദരാബാദിലെ വിവാഹസൽക്കാരത്തോടെ ആഘോഷങ്ങൾ അവസാനിച്ചതിന് ശേഷം തങ്ങൾ കുറച്ചുനാൾ പൊതുചടങ്ങുകളിൽ നിന്നൊക്കെ മാറിനിൽക്കാൻ ഉദ്ദേശിക്കുന്നു എന്ന് വിജയ് ദേവരകൊണ്ട ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. ഇത് എത്രനാൾ എന്ന് വ്യക്തമല്ല. തിരക്കുകളിൽനിന്ന് മാറി മധുവിധു ആഘോഷിക്കാനാണ് ഇരുവരും ഒരുങ്ങുന്നത്.
എന്തായാലും അവധിക്കാലത്തിന് ശേഷം സിനിമയിലേക്ക് തിരികെവരാൻ തന്നെയാണ് ഇരുവരുടേയും പദ്ധതി. വിവാഹത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ പ്രൊജക്റ്റായ 'രണബാലി' എന്ന പീരിയഡ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണത്തിനായി ക്യാമറയ്ക്ക് മുന്നിൽ എത്തും. സിനിമയുടെ പുതിയ ഷെഡ്യൂൾ മാർച്ച് 9-ന് ആരംഭിക്കുമെന്നും ഇരുവരും മാർച്ച് 12-ന് ഷൂട്ടിങിനെത്തുമെന്നുമാണ് റിപ്പോർട്ടുകൾ.
'രണബാലി' ഉൾപ്പടെ ഈ വർഷം രശ്മിക മന്ദാനയുടെ മൂന്ന് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹിന്ദി ചിത്രമായ കോക്‌ടെയിൽ 2, തെലുങ്ക് ചിത്രമായ മൈസ എന്നിവയാണ് മറ്റുള്ളവ. വിജയ് ദേവരകൊണ്ടയുടേതായി രണബാലിയും റൗഡി ജനാർദനയുമാണ് ഈ വർഷം ഒരുങ്ങുന്ന ചിത്രങ്ങൾ .
