ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫനെ വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ജനറൽ ബോഡി കമ്മിറ്റിയിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലുള്ള ലിസ്റ്റിന്റെ നേതൃത്വത്തിലെ കമ്മറ്റിയെ ഒരു വർഷത്തേക്ക് കൂടിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തു തുടരുന്ന ഏറ്റവും പ്രായം കുറഞ്ഞ, അടുത്തടുത്ത് രണ്ട് തവണ പ്രസിഡന്റ് ആയ വ്യക്തി കൂടിയാണ് ലിസ്റ്റിൻ. ജനറൽ സെക്രട്ടറി എസ്.എസ്.ടി. സുബ്രഹ്മണ്യൻ. മുരളി മൂവീസ് ഉടമ വി.പി. മാധവൻ നായർ ട്രഷറർ.

നിരവധി ഹിറ്റ്‌ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനി, സൗത്ത് സ്റ്റുഡിയോസ്‌ എന്നിവയുടെ ഉടമയാണ് ലിസ്റ്റിൻ സ്റ്റീഫൻ. സിനിമാ മേഖലയിലെ പ്രതിഭകളെ വാർത്തെടുക്കുന്ന SIFA യും ലിസ്റ്റിൻ സ്റ്റീഫന്റെ സംരംഭമാണ്. 2011ൽ ‘ട്രാഫിക്’ എന്ന സിനിമ നിർമിച്ചാണ് ലിസ്റ്റിൻ നിർമാണ രം​ഗത്തെത്തുന്നത്. തുടർന്ന് ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നിർമാണക്കമ്പനികളിലൊന്നായി മാറി.

ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നിർമാണത്തിൽ പങ്കാളിയായി. കടുവ, ജനഗണമന എന്നീ സിനിമകൾ ഒന്നിച്ചു നിർമിച്ചു. കൂടാതെ കെജിഎഫ് 2, മാസ്റ്റർ, പേട്ട തുടങ്ങിയ സിനിമകളുടെ കേരള വിതരണവും ഒന്നിച്ചാണ് ഇവർ ഏറ്റെടുത്തത്.

Related Articles

Next Story