'തു മാത്സാ കിനാരാ', മലയാളിയുടെ മറാത്തി സിനിമ, തിയേറ്ററുകളിലേക്ക്

Marathi film directed by a malayali


ഹണി വി ജി

ലയണ്‍ ഹാര്‍ട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന മറാത്തി ചിത്രം 'തു മാത്സാ കിനാരാ ഒക്ടോബര്‍ 31-ന് തിയേറ്ററിലെത്തുന്നു. വര്‍ഷങ്ങളായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ക്രിസ്റ്റസ് സ്റ്റീഫനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം. മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി വനിതാ നിര്‍മ്മാതാവ് എന്നൊരു വിശേഷണം കൂടി ഈ ചിത്രത്തിനുണ്ട്. സഹനിര്‍മ്മാതാക്കളായ ജേക്കബ് സേവ്യറും സിബി ജോസഫും മുംബൈ മലയാളികള്‍ക്കിടയില്‍ സുപരിചിതരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ്.

ജീവിതത്തിന്റെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് 'തു മാത്സാ കിനാരാ'യെന്ന് സംവിധായകന്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ പറയുന്നു. ഒരു അച്ഛന്റേയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ജീവിതയാത്രയാണ് ചിത്രം. സ്വാര്‍ത്ഥതയോടെ ജീവിച്ച ഒരാളുടെ ജീവിതത്തെ, ഒരു കുട്ടിയുടെ നിര്‍മ്മലമായ സ്നേഹം എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ പറയുന്നത്. മഹാരാഷ്ട്രയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും മുംബൈ മഹാനഗരത്തില്‍ എത്തിപ്പെടുന്ന ഒരു കുടുംബത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചിത്രത്തിലെ പ്രധാന വഴിത്തിരിവ്.

മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന 'തു മാത്സാ കിനാരാ' കുടുംബ പ്രേക്ഷകരെയടക്കം എല്ലാ പ്രായത്തിലുമുള്ളവരെ പ്രചോദിപ്പിക്കുന്ന സിനിമയാകുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

മറാത്തി അഭിനേതാക്കളായ ഭൂഷന്‍ പ്രധാന്‍, കേത്കി നാരായണന്‍, ബാല താരം കേയ ഇന്‍ഗ്ലെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണവ് റാവൊറാണെ, അരുണ്‍ നലവടെ, ജയരാജ് നായര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.


കേയ ഇന്‍ഗ്ലെ എന്ന ആറു വയസ്സുകാരിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് നടന്ന 18 ദിവസത്തില്‍ കേയക്ക് വേണ്ടി ഒരു പ്രാവശ്യം പോലും റിട്ടേക്ക് എടുക്കേണ്ടി വന്നില്ല എന്നത് അതിശയിപ്പിച്ചതായി ക്രിസ്റ്റസ് സ്റ്റീഫന്‍ പറയുന്നു.

'പ്രായത്തില്‍ കവിഞ്ഞ പക്വത, അതിമനോഹരമായി അഭിനയിക്കാനുള്ള കഴിവ്, എല്ലാം കൊണ്ടും കേയ ഞെട്ടിച്ചു.' 1995 മുതല്‍ 2010 വരെ നേവിയില്‍ മ്യുസിഷ്യന്‍ ആയി ജോലി ചെയ്തിരുന്ന ക്രിസ്റ്റസ് പറഞ്ഞു.

ഷോര്‍ട്ട് ഫിലിം, ആല്‍ബം സംവിധാനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ക്രിസ്റ്റസ്. ഈ മേഖലകളിലെ അനുഭവ പരിചയം കരുത്താക്കിയാണ് ഫീച്ചര്‍ ഫിലിം രംഗത്തേക്ക് എത്തുന്നത്. പുതിയ ഹിന്ദി ചലച്ചിത്രത്തിന്റെ പണിപ്പുരയില്‍ കൂടിയാണ് ഇദ്ദേഹം. അതോടൊപ്പം ആദ്യത്തെ സിനിമ തന്നെ ശ്രദ്ധിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലും ഉത്സാഹത്തിലുമാണ്.

ജീവിതത്തില്‍ കണ്ടതും സ്പര്‍ശിച്ചതുമായ പല അനുഭവങ്ങളും മുഹൂര്‍ത്തങ്ങളും ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഗീതജ്ഞന്‍ സൈബു വി സൈമണിന്റെ ശിഷ്യന്‍ കൂടിയായ ക്രിസ്റ്റസ് പറഞ്ഞു. ആലപ്പുഴ സ്വദേശിയായ ക്രിസ്റ്റസ് കഴിഞ്ഞ 30 വര്‍ഷമായി മുംബൈ നിവാസിയാണ്. മറാത്തിയില്‍ ചിത്രം എടുത്തതിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചതിങ്ങനെ: 'എന്റെ ജീവിതം, ചുറ്റുപാടുകള്‍, അനുഭവങ്ങള്‍ എല്ലാം ഇവിടെയാണ്. അല്ലെങ്കില്‍ ഇവിടെ നിന്നുമാണ് തുടങ്ങുന്നത്. ഈ നഗരത്തിന്റെ സവിശേഷതകളും മറ്റും അനുഭവിച്ചറിഞ്ഞ ഞാന്‍ ഇവിടുത്തെ ഭാഷയില്‍ തന്നെ സിനിമ ചെയ്യാമെന്ന് തിരിച്ചറിയുകയായിരുന്നു'.

മറാത്തി യുവ നടി കേത്കി നാരായണന്‍ ആണ് ചിത്രത്തിലെ നായിക. നിരവധി മലയാള ചിത്രങ്ങളിലടക്കം അഭിനയിച്ചിട്ടുള്ള കേത്കി നല്ലൊരു റോള്‍ ലഭിച്ചതിന്റെ കൂടി ത്രില്ലിലാണ്. എല്ലാവരുടെയും കുടുംബ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പല മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ ഉണ്ടെന്ന് യുവ നടി സാക്ഷ്യ പെടുത്തുന്നു.

'എല്ലാം മനോഹരമായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ ക്രിസ്റ്റസ് സാര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കി തന്നു. അതുകൊണ്ട് തന്നെ ഒട്ടും സമ്മര്‍ദ്ദമില്ലാതെ അഭിനയിക്കാന്‍ കഴിഞ്ഞു. കൂടാതെ മകളായി അഭിനയിച്ച കേയയുമായി വളരെയധികം അടുത്ത് ഇടപെഴകാനും സാധിച്ചു. ഞങ്ങളെല്ലാവരും ശരിക്കും ഒരു കുടുംബം പോലെയായി പിന്നീട്. സത്യസന്ധമായ കാര്യങ്ങളാണ് കാണിച്ചിരിക്കുന്നത്. ശരിക്കും നമ്മുടെയൊക്കെ ജീവിതത്തില്‍ എന്താണ് ഉണ്ടാകുന്നത് എന്ന് കാണിച്ചിട്ടുണ്ട്. ജീവിതവുമായി ഏറെ അടുത്ത് നില്‍ക്കുന്ന സിനിമ. സ്വാഭാവിക അഭിനയമാണ് ഈ ചിത്രത്തിന് വേണ്ടി വന്നത്. അതാണ് ചെയ്തത്. അതുകൊണ്ടു തന്നെ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.' കേതകി പറഞ്ഞു.

മലയാളി ക്യാമറമാന്‍ എല്‍ദോ ഐസക്കാണ് ഈ ചിത്രത്തിലെ ക്യാമറ. ബാനര്‍ - ലയണ്‍ഹാര്‍ട്ട് പ്രൊഡക്ഷന്‍സ്. കാര്യനിര്‍വാഹക നിര്‍മ്മാതാവ്-സദാനന്ദ് ടെംബ്ലൂകര്‍ ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍-വിശാല്‍ സുഭാഷ് നണ്ട്ലാജ്കര്‍. അസിസ്റ്റന്റ് ഡയറക്ടര്‍- മൗഷിന്‍ ചിറമേല്‍. സംഗീതം-സന്തോഷ് നായര്‍ & ക്രിസ്റ്റസ് സ്റ്റീഫന്‍. മ്യൂസിക് അസിസ്റ്റ്- അലന്‍ തോമസ്. ഗാനരചയിതാവ് -സമൃദ്ധി പാണ്ഡെ. പശ്ചാത്തല സംഗീതം-ജോര്‍ജ് ജോസഫ്. മിക്സ് & മാസ്റ്റര്‍-ബിജിന്‍ മാത്യു. സൗണ്ട് ഡിസൈനറും മിക്‌സറും-അഭിജിത് ശ്രീറാം ഡിയോ. ഗായകര്‍ - അഭയ് ജോധ്പൂര്‍കര്‍, ഷരയു ദാത്തെ, സായിറാം അയ്യര്‍, ശര്‍വാരി ഗോഖ്ലെ, അനീഷ് മാത്യു. ഡി ഐ കളറിസ്റ്റ്-ഭൂഷണ്‍ ദല്‍വി. എഡിറ്റര്‍-സുബോധ് നര്‍ക്കര്‍. വസ്ത്രാലങ്കാരം-ദര്‍ശന ചൗധരി. കലാസംവിധായകന്‍ -അനില്‍ എം. കേദാര്‍. വിഷ്വല്‍ പ്രമോഷന്‍ -നരേന്ദ്ര സോളങ്കി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- മീഡിയ വണ്‍സൊല്യൂഷന്‍ ജയ്മിന്‍ ഷിഗ്വാന്‍-പബ്ലിക് റിലേഷന്‍.


Related Articles
Next Story