ഒരു ദിവസത്തെ ഷൂട്ടിന് 10,000 രൂപ, രോഗികളെ ശല്യപ്പെടുത്തിയില്ല; വിശദീകരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേൻ

അങ്കമാലി താലൂക്ക് ആശുപത്രിയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയതോടെ വിശദീകരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഫഹദ് ഫാസിലിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ജിത്തു മാധവൻ ചിത്രം ‘പൈങ്കിളി’യുടെ ഷൂട്ടിംഗാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടന്നത്.

പണം അടച്ച് അനുമതി വാങ്ങിയ ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത് എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇന്നലെ രാത്രി 9 മുതൽ ആരംഭിച്ച ഷൂട്ടിംഗ് പുലർച്ചെ വരെ നീണ്ടു പോയിരുന്നു. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ഷൂട്ടിംഗ്. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു.

ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നു എന്നാണ് റിപ്പോർട്ടുകൾ. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയ ആളുകൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാനുമായില്ല. പ്രധാന കവാടത്തിലൂടെയും ആരെയും കടത്തിവിട്ടില്ല. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധം ഉയർത്തിയിരുന്നു.

പലരും സോഷ്യൽ മീഡിയയിലൂടെയും പ്രതിഷേധം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തത്. എന്നാൽ പണം അടച്ച് ഷൂട്ടിംഗിനായി അനുമതി വാങ്ങിയിരുന്നു എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രതികരിക്കുന്നത്. രോഗികളെ ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ല, രണ്ട് ദിവസത്തെ ഷൂട്ടിന് പ്രതിദിനം 10,000 രൂപ അടച്ചുവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ് പറഞ്ഞു

Related Articles
Next Story