ഷാജി പാപ്പന്റെ പുതിയ ലുക്കിലേക്ക് ഉറ്റുനോക്കി ആരാധകർ
കഥാപാത്രത്തിന്റെ വേഷപ്പകർച്ചകൾക്ക് പിന്നിൽ സരിത ജയസൂര്യ

മലയാള സിനിമ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി മാസ് കോമഡി ഐക്കണായ ഷാജി പാപ്പൻ, ആട് 3 യിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ വാർത്തകൾ പുറത്തുവന്നപ്പോൾ മുതൽ ആരാധകർ ഉറ്റുനോക്കുന്നത് പാപ്പന്റെ പുതിയ ലുക്കാണ് . ഓരോ തവണയും ഷാജി പാപ്പൻ സ്ക്രീനിൽ എത്തുമ്പോൾ ഒരു ട്രെൻഡ് സെറ്റർ ആയി മാറുന്നത് പതിവ് കാഴ്ചയാണ് . ഈ ഐതിഹാസിക കഥാപാത്രത്തിന്റെ വേഷപ്പകർച്ചകൾക്ക് പിന്നിൽ ജയസൂര്യയുടെ ഭാര്യയും പ്രശസ്ത ഡിസൈനറുമായ സരിത ജയസൂര്യയുടെ കരവിരുതാണെന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.
ആട് രണ്ടാം ഭാഗത്തിൽ ഷാജി പാപ്പൻ അണിഞ്ഞ ഇരുനിറത്തിലുള്ള മുണ്ട് കേരളക്കരയിലാകെ വമ്പൻ കോളിളക്കമാണ് സൃഷ്ടിച്ചത്. കറുപ്പും ചുവപ്പും കലർന്ന ആ മുണ്ട് പാപ്പന്റെ 'മാസ്' ഇമേജിന് പുതിയൊരു ഭാവം നൽകി. ഇത്തവണയും ആരാധകരെ നിരാശരാക്കാത്ത വിധത്തിൽ വമ്പൻ ഫാഷൻ സർപ്രൈസുകളാണ് സരിത ജയസൂര്യ ഒരുക്കിയിരിക്കുന്നത്. 'ആട് 3'യുടെ ട്രെയിലർ സൂചിപ്പിക്കുന്നത് പോലെ ഷാജി പാപ്പൻ ഇക്കുറി വരുന്നത് രണ്ട് നിറങ്ങൾ ഒന്ന് ചേരുന്ന പ്രത്യേകതരം കുർത്തയിലും മുണ്ടിലുമാണ്. പാപ്പന്റെ തനത് സ്റ്റൈലിനൊപ്പം ഒരു 'ട്രെൻഡ് സ്റ്റാർ' പരിവേഷം കൂടി ഈ വസ്ത്രങ്ങൾ നൽകുന്നുണ്ട്.
വെറുമൊരു കോമഡി ചിത്രമായിട്ടല്ല, മറിച്ച് ടൈം ട്രാവലും ഫാന്റസിയും ഒത്തുചേരുന്ന ഒരു വിഷ്വൽ ട്രീറ്റായിട്ടാണ് 'ആട് 3' പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് . ചിത്രത്തിൽ പാപ്പൻ ഒരു രാജാവിന്റെ വേഷത്തിലും പ്രത്യക്ഷപ്പെടുന്നു എന്നത് ആരാധകരിൽ വലിയ ആകാംക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത് . പാപ്പന്റെ സിഗ്നേച്ചർ ലുക്കും രാജകീയ വേഷവും സരിത എത്രത്തോളം മനോഹരമായിട്ടായിരിക്കും ഡിസൈൻ ചെയ്തിട്ടുണ്ടാവുക എന്നാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ലൊക്കേഷൻ വീഡിയോകളിൽ പാപ്പന്റെ ലുക്കിലേക്ക് ജയസൂര്യ മാറുന്നത് കണ്ട് ആവേശഭരിതരായ ആരാധകർക്ക് ഈ ഡിസൈനർ വസ്ത്രങ്ങൾ പുതിയൊരു കാഴ്ചാനുഭവം തന്നെയാകും സമ്മാനിക്കുക .
ജയസൂര്യയുടെ കരിയറിലെ മികച്ച പല വേഷങ്ങൾക്കും പിന്നിൽ സരിതയുടെ ഡിസൈനർ സ്പർശമുണ്ടായിരുന്നു. 'പ്രേതം' എന്ന സിനിമയിലെ ജോൺ ഡോൺ ബോസ്കോയുടെ മോഡേൺ വസ്ത്രങ്ങളായാലും, 'ഞാൻ മേരിക്കുട്ടി'യിലെ മേരിക്കുട്ടിയുടെ അതീവ സുന്ദരമായ സാരികളായാലും സരിതയുടെ കൈമുദ്ര പതിഞ്ഞവയാണ്. മേരിക്കുട്ടിയുടെ വേഷവിധാനം കഥാപാത്രത്തിന് നൽകിയ അന്തസ്സും ലളിതമായ മനോഹാരിതയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സരിതയുടെ ഡിസൈനർ സ്റ്റുഡിയോയുടെ പരസ്യത്തിനായി മേരിക്കുട്ടിയുടെ വേഷത്തിൽ ജയസൂര്യ എത്തിയത് അക്കാലത്ത് വൻ ചർച്ചയായിരുന്നു.
ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിംസും കൈകോർക്കുന്ന ആട് 3 2026 മാർച്ചിൽ തീയറ്ററുകളിൽ എത്തുമ്പോൾ ഷാജി പാപ്പൻ വീണ്ടും കേരളത്തിലെ ഫാഷൻ ഐക്കണായി മാറും എന്ന കാര്യത്തിൽ സംശയമില്ല. 'പുണ്യാളൻ അഗർബത്തീസ്', 'സു സു സുധി വാത്മീകം' എന്നീ സിനിമകളിലൂടെ തുടങ്ങിയ ഈ വിജയകരമായ സ്റ്റൈൽ കൂട്ടുകെട്ട് 'ആട് 3' ലൂടെ പുതിയൊരു വിഷ്യൽ ട്രീറ്റാകുമെന്നാണ് പ്രേക്ഷകർ ഉറച്ചു വിശ്വസിക്കുന്നത്.
