'ഒരു അഭിനേതാവ് എന്ന നിലയിൽ ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ'; മോഹൻലാൽ
2000 ത്തിലെ ഒരു ഡിസംബറിൽ ദേവദൂതൻ എന്ന മോഹൻലാൽ ചിത്രം റിലീസ് ആകുന്നു. എന്നാൽ കാര്യമായിട്ടൊന്നും തന്നെ ചിത്രത്തിന് ചെയ്യാൻ സാധിക്കുന്നില്ല. എന്നാൽ കാലങ്ങൾക്കിപ്പുറം അതേ ചിത്രം റീ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിനായി കാത്തിരിക്കാൻ നിരവധി ആളുകൾ. ദേവദൂതൻ എന്ന സിനിമയ്ക്ക് ഇന്നത്തെ പ്രേക്ഷകരോട് എന്തോ പറയാൻ ബാക്കിയുണ്ടെന്നും അതുകൊണ്ടാണ് ഇത്രകാലം ലാബിൽ ഇരുന്നിട്ടും അതു നശിച്ചു പോകാത്തതെന്നും മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ പറഞ്ഞു. സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ഈ സിനിമ കാണുമ്പോൾ എനിക്ക് അത്ഭുതമായിരുന്നു, അതിന്റെ സൗണ്ട് ആയാലും സംഗീതം ആയാലും, ക്യാമറ ആയാലും എല്ലാം. എത്രയോ നല്ല സിനിമകൾ ഓടാതെ ഇരുന്നിട്ടുണ്ട്. അത് എന്തുകൊണ്ടെന്ന് ചോദിച്ചാൽ അതിന് ഉചിതമായ ഒരു ഉത്തരം തരാൻ കഴിയില്ല, ഒരുപാട് കാരണങ്ങൾ ഉണ്ടാകും. പക്ഷേ സിബി അതിനെ റീ എഡിറ്റ് ചെയ്യണം എന്നുപറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇപ്പോൾ നിങ്ങളോട് എന്തോ പറയാനുണ്ട് അത് അദ്ദേഹം മനോഹരമായി ചെയ്തിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.’ മോഹൻലാൽ പറഞ്ഞു.