സ്ഥിരം ഫോർമുല ചിത്രങ്ങൾ ചെയ്തു മടുത്തു: റിയലിസ്റ്റിക്കായുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം

ഒരു കാലത്ത് തെലുങ്ക് സിനിമയിൽ നിറഞ്ഞു നിന്ന താരസാന്നിധ്യമാണ് ചിരഞ്ജീവി. ഏറ്റവും ആഘോഷിക്കപ്പെട്ട കരിയറിലെ പീക്ക് ടൈം കഴിഞ്ഞെങ്കിലും ഇപ്പോഴും അദ്ദേഹത്തിന് വലിയ ആരാധകവൃന്ദവും അവരെ തൃപ്‌തിപ്പെടുത്താനുള്ള ബിഗ് ബജറ്റ് മാസ് സിനിമകളും ഇറങ്ങുന്നുണ്ട്. പക്ഷേ അവ പലപ്പോഴും പ്രതീക്ഷിച്ച വിജയം നേടാറില്ല. സ്ഥിരമായി ചിരഞ്ജീവിയെ പ്രേക്ഷകർ കണ്ടിട്ടുള്ളത് മാസ്സ് മസാല ആക്ഷൻ ചിത്രങ്ങളിലാണ്. എന്നാൽ ഇപ്പോൾ ആ സ്ഥിരം ടെംപ്ലേറ്റിൽ ഒരുക്കുന്ന ഫോർമുല മാസ് സിനിമകളിൽ തുടർച്ചയായി അഭിനയിച്ച് ചിരഞ്ജീവിക്ക് മടുത്തെന്ന് പറയുകയാണ് തെലുങ്ക് സിനിമയിലെ തിരക്കഥാകൃത്തും നിർമ്മാതാവുമായ കോന വെങ്കട്.

സമീപകാലത്ത് ചെയ്‌ത ചിത്രങ്ങളുടെ സ്ഥിരം പാറ്റേൺ ചിരഞ്ജീവിയെ മടുപ്പിച്ചിട്ടുണ്ടെന്നും അതിൽ നിന്ന് പുറത്ത് കടക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും കോന വെങ്കട് പറയുന്നു. " നാടകീയമായ ഫ്ലാഷ് ബാക്കുകളും മാസ് ഹീറോ പരിവേഷത്തിനായുള്ള സ്ഥിരം ഘടകങ്ങളുമൊക്കെ അദ്ദേഹത്തിന് മടുത്ത മട്ടാണ്. സാധാരണവും റിയലിസ്റ്റിക്കുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ആഗ്രഹമുണ്ട് അദ്ദേഹത്തിന്. എന്തുകൊണ്ട് അത്തരം കഥാപാത്രങ്ങളെ താൻ അവതരിപ്പിക്കുന്നില്ലെന്ന് അദ്ദേഹം സ്വയം ചോദിക്കുന്നുണ്ട് ഇപ്പോൾ. എപ്പോഴാണ് ഞാൻ പുതിയ ചിത്രങ്ങൾ ഉണ്ടാക്കുക? എനിക്ക് ബോറടിക്കുന്നു, എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. സ്ഥിരം പാറ്റേൺ വിട്ടുള്ള പടങ്ങൾ ചെയ്യണമെന്നാണ് അദ്ദേഹത്തിന്, കോന വെങ്കട് പറയുന്നു.

വരാനിരിക്കുന്നത് എന്ത് എന്ന് പ്രവചിക്കാൻ അവസരം തരുന്നവയാണ് അദ്ദേഹം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രങ്ങളെല്ലാം. എന്നാൽ സ്വന്തം സർഗാത്മകതയെ വെല്ലുവിളിക്കുന്ന റോളുകൾ ചെയ്യണമെന്ന് ഇപ്പോൾ അദ്ദേഹത്തിന് തോന്നുന്നുണ്ട്. അതേസമയം ചിരഞ്ജീവി അത്തരം ചിത്രങ്ങൾ ചെയ്യുന്നപക്ഷം മാസ് ഓഡിയൻസിനെ തൃപ്തിപ്പെടുത്താനാവില്ല എന്ന പ്രതിസന്ധി ഉണ്ടെന്നും കോന വെങ്കട് പറയുന്നു- 1987 ൽ പുറത്തിറങ്ങിയ സ്വയംകൃഷി എന്ന ചിത്രമെടുക്കാം. ചിരഞ്ജീവി നായകനായ ചിത്രം ഫോക്കസ് ചെയ്‌ത് കഥപറച്ചിലിലും കഥാപാത്രങ്ങളുടെ ആഴത്തിലുമൊക്കെയാണ്. മറിച്ച് പാട്ടിലോ നൃത്തത്തിലോ ആക്ഷൻ രംഗങ്ങളിലോ ഒന്നും ആയിരുന്നില്ല. എന്നാൽ അത് ബോക്സ് ഓഫീസിൽ വിജയിച്ചില്ല. ഇന്ന് ചെറിയ ബജറ്റിൽ അത്തരമൊരു ചിത്രം ചെയ്താൽ അത് മൾട്ടിപ്ലെക് പ്രേക്ഷകരിലേക്ക് മാത്രമേ എത്തൂ. ആക്ഷൻ രംഗങ്ങളും ഐറ്റം ഗാനങ്ങളും അടക്കമുള്ള വാണിജ്യ ഫോർമുലാ ഘടകങ്ങൾ ഇല്ലാത്തതിനാൽ മാസ് പ്രേക്ഷകർക്ക് താൽപര്യം നഷ്‌ടപ്പെടും, കോന വെങ്കട് പറഞ്ഞവസാനിപ്പിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Related Articles
Next Story