50 വര്‍ഷങ്ങള്‍ക്കു ശേഷം ഷോലെ വീണ്ടുമെത്തുന്നു, അന്ന് ഒഴിവാക്കപ്പെട്ട രണ്ടു രംഗങ്ങളുമായി

പുതിയ 4 കെ പതിപ്പിന്റെ ആദ്യ പ്രദര്‍ശനം ഈ കഴിഞ്ഞ ജൂണില്‍ ഇറ്റലിയിലെ സിനിമോ റെട്രോവറ്റൊ ഫിലിം ഫെസ്റ്റിവലില്‍ അരങ്ങേറിയിരുന്നു. 1975 ല്‍ അടിയന്തരാവസ്ഥ കാലത്ത് ഇറങ്ങിയ ചിത്രം കര്‍ശനമായ സെന്‍സറിങ്ങിന് വിധേയമായിരുന്നു.;

Update: 2025-12-11 07:31 GMT

അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഷോലെ എന്ന സിനിമ വീണ്ടുമെത്തുന്നു. 1975ല്‍ തിയേറ്ററില്‍ എത്തിയ ചിത്രം എത്തുന്നത് അന്ന് ഒഴിവാക്കിയ പ്രധാനപ്പെട്ട രണ്ടു രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്. ഇന്ത്യന്‍ സിനിമാ മേഖലയെ ഉയരങ്ങളിലെത്തിച്ച ചിത്രമായിരുന്നു ഇത്. ഷോലെ, ദി ഫൈനല്‍ കട്ട് എന്ന പേരിലാണ് ചിത്രം 4കെ രൂപത്തില്‍ വീണ്ടും റിലീസ് ചെയ്യുന്നത്. 1500ലധികം തിയേറ്ററുകളില്‍ ഡിസംബര്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിലിം ഹെറിറ്റേജ് ഫൌണ്ടേഷന്‍ ആണ് സിനിമയെ 4 കെ രൂപത്തിലേക്ക് പുനഃസൃഷ്ട്ടിച്ചത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് 4 കെ രൂപത്തില്‍ പുനഃനിര്‍മ്മിക്കപ്പെട്ട ഒരു ചിത്രം ഇത്രയധികം കേന്ദ്രങ്ങളില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്നത്.




 നിര്‍മ്മാതാക്കളായ സിപ്പി ഫിലിംസ് തന്നെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. പുതിയ 4 കെ പതിപ്പിന്റെ ആദ്യ പ്രദര്‍ശനം ഈ കഴിഞ്ഞ ജൂണില്‍ ഇറ്റലിയിലെ സിനിമോ റെട്രോവറ്റൊ ഫിലിം ഫെസ്റ്റിവലില്‍ അരങ്ങേറിയിരുന്നു. 1975 ല്‍ അടിയന്തരാവസ്ഥ കാലത്ത് ഇറങ്ങിയ ചിത്രം കര്‍ശനമായ സെന്‍സറിങ്ങിന് വിധേയമായിരുന്നു.

ക്ലൈമാക്സില്‍ വില്ലനായ ഗബ്ബാര്‍ സിംഗിനെ (അംജദ് ഖാന്‍) ഠാക്കൂര്‍ (സഞ്ജീവ് കുമാര്‍) കൊല്ലപ്പെടുത്തുന്ന രംഗം അന്ന് മുറിച്ചു മാറ്റപ്പെട്ടിരുന്നു. ഇതിന് പകരമായി പൊലീസെത്തി ഗബ്ബാറിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന രംഗമായിരുന്നു സെന്‍സര്‍ഷിപ്പിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ 'ഷോലെ'യില്‍ അന്ന് മുറിച്ചു മാറ്റപ്പെട്ട രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ഇതിന് പുറമെ ചിത്രത്തില്‍ റഹിം ചാച്ചയുടെ മകന്‍ അഹമ്മദ് (സച്ചിന്‍) ഗബ്ബറിന്റെ കൈകളാല്‍ കൊല്ലപ്പെടുന്ന രംഗവും ചിത്രത്തില്‍ തിരിച്ചെത്തുന്നുണ്ട്




 

ആദ്യ റിലീസിംഗ് സമയത്ത് രാജ്യത്തെ സിനിമശാലകളെ മുഴുവന്‍ പിടിച്ചു കുലുക്കിയ 'ഷോലെ', പുതുഭാവത്തില്‍ 4 കെ വേര്‍ഷനില്‍ തിരികെയെത്തുമ്പോള്‍ വീരോചിത വരവേല്‍പ്പ് നല്‍കാന്‍ സിനിമയുടെ ആരാധകര്‍ തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍ ദുഃഖരമായ ഒരു സമയത്താണ് ചിത്രം റീ റിലീസിന് എത്തുന്നത്. ചിത്രത്തിലെ നായകന്‍ ധര്‍മേന്ദ്ര വിടവാങ്ങിയിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളു. ചിത്രത്തില്‍ ചെറുതെങ്കിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ അസ്രാണി കഴിഞ്ഞ മാസമാണ് അന്തരിച്ചത്. സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച അംജദ് ഖാനും സഞ്ജീവ് കുമാറും, മനോഹര സംഗീതം ഒരുക്കിയ ആര്‍ ഡി ബര്‍മനും അവിസ്മരണീയ ഗാനങ്ങള്‍ ആലപിച്ച ലത മങ്കേഷ്‌കറും കിഷോര്‍ കുമാറും മന്നാഡെയും ഈ ആഘോഷവേളയില്‍ ആരാധകര്‍ക്ക് ഒപ്പമില്ല എന്നതും വേദനിപ്പിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്.




 

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തെ 'ഷോലെ ബിസി'' എന്നും 'ഷോലെ 'എഡി ' എന്നും രണ്ടായി വേര്‍തിരിച്ചു കാണാമെന്നുള്ള വിഖ്യാത സംവിധായകന്‍ ശേഖര്‍ കപൂറിന്റെ പ്രസ്താവന ഇന്നും ഏറെ പ്രസക്തമായി തന്നെ നിലനില്‍ക്കുന്നു. 'ഷോലെ'ക്ക് ശേഷമുള്ള ബോളിവുഡിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച അത് സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ സ്വീകാര്യത ലഭിച്ച ഏക ഇന്ത്യന്‍ സിനിമയെന്ന വിശേഷണം ഒരുപക്ഷെ 'ഷോലെ'യുടെ നിര്‍മ്മാതാക്കള്‍ക്ക് മാത്രം ഇന്നും അവകാശപ്പെടാവുന്ന ഒരപൂര്‍വ ബഹുമതിയാണ്. 1975 ഓഗസ്റ്റ് 15 ന് ആണ് സിനിമ തിയറ്ററുകളിലേക്ക് ആദ്യം എത്തിയത്. രാജ്യത്തെ സിനിമ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കെല്‍പ്പുള്ള ഒരു ചിത്രമാണ് വന്നെത്തിയിരിക്കുന്നതെന്ന് അപ്പോഴാരും തിരിച്ചറിഞ്ഞിരുന്നില്ല. മെട്രോ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും വിദൂര ഗ്രാമങ്ങളിലുമെല്ലാം സാന്നിധ്യം അറിയിച്ചു കൊണ്ടുള്ള ആ കുതിപ്പ് സൃഷ്ട്ടിച്ച അലയൊലികള്‍ ഏതാണ്ട് ഒരു ദശാബ്ദത്തോളം ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ മുഴങ്ങി നിന്നു. 'ഷോലെ'ക്ക് ശേഷം നിരവധി ജനപ്രിയ ഹിറ്റ് സിനിമകള്‍ ബോളിവുഡില്‍ പിറവിയെടുത്തെങ്കിലും അവക്കൊന്നും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഒരേ പോലെ ജനസമ്മതി നേടിയെടുക്കാന്‍ സാധിച്ചില്ല എന്നത് ഒരു വസ്തുതയാണ്.




 

ഇന്ത്യയില്‍ നൂറിലധികം സിനിമാശാലകളില്‍ സില്‍വര്‍ ജൂബിലി പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം 'ഷോലെ'യായിരുന്നു. ഇന്നും തകര്‍ക്കപ്പെടാത്ത മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട് ഈ സിനിമക്ക്; അറുപതോളം കേന്ദ്രങ്ങളില്‍ ഗോള്‍ഡന്‍ ജൂബിലി പൂര്‍ത്തിയാക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രം എന്ന ആ നേട്ടം ഇനിയൊരിക്കലും ഭേദിക്കപ്പെടാന്‍ സാധ്യതയില്ല. ബി.ബി.സി ഈ ചിത്രത്തെ നൂറ്റാണ്ടിന്റെ സിനിമെന്നാണ് വിശേഷിപ്പിച്ചത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് വിഖ്യാത സംവിധായകന്‍ സത്യജിത്ത് റായി നടത്തിയ പ്രസ്താവന ഒരു വലിയ ബഹുമതിയായിട്ടാണ് 'ഷോലെ'യുടെ സംവിധായകന്‍ രമേശ് സിപ്പി ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നത്. ഒട്ടേറെ നേട്ടങ്ങളും റെക്കോര്‍ഡുകളും കരസ്ഥമാക്കി ഇന്ത്യന്‍ സിനിമ വ്യവസായത്തിന് പുതിയ മാനങ്ങള്‍ നല്‍കി കൊണ്ട് ഷോലെ നടത്തിയ വിജയ തേരോട്ടം സമാനതകളില്ലാത്തതായിരുന്നു.

Ramesh Sippy
Dharmendra, Sanjeev Kumar, Hema Malini, Amitabh Bachchan, Jaya Bhaduri, Amjad Khan
Posted By on11 Dec 2025 1:01 PM IST
ratings
Tags:    

Similar News