മുംബൈ മാരത്തണില്‍ പിതാവും നടനുമായ ആമിര്‍ഖാനൊപ്പം പങ്കെടുത്ത ഐറ ഖാനെതിരെ ബോഡി ഷെയിമിങ് നടത്തിയ മാധ്യമപ്രവര്‍ത്തകന് കടുത്ത വിമര്‍ശനം

‘പ്രശ്നം വസ്ത്രത്തിന്‍റെയല്ല , അത് ധരിച്ചിരിക്കുന്ന ശരീരത്തിന്‍റേത്’; ഐറ ഖാനെതിരെ ബോഡി ഷെയിമിങ്ങെന്ന് സോഷ്യല്‍ മീഡിയ

Update: 2026-01-29 15:34 GMT

മുംബൈ മാരത്തണില്‍ പിതാവും നടനുമായ ആമിര്‍ഖാനൊപ്പം പങ്കെടുത്ത ഐറ ഖാനെതിരെ ബോഡി ഷെയിമിങ് നടത്തിയ മാധ്യമപ്രവര്‍ത്തകന് കടുത്ത വിമര്‍ശനം. ജനുവരി 18 ന് നടന്ന മാരത്തണിൽ ഐറ വെളുത്ത ടാങ്ക് ടോപ്പും കറുത്ത ഷോർട്ട്സും ധരിച്ചാണ് പങ്കെടുത്തിരുന്നത്. ഈ ചിത്രം ഐറ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഫിറ്റ്നസ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ഐറ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. എന്നാല്‍ ഐറയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച കുറിപ്പാണ് പിന്നീട് ചര്‍ച്ചയായത്.

‘ഇത് ഐറ ഖാൻ. ആമിർ ഖാന്റെ മകൾ. പ്രശ്നം വസ്ത്രത്തിന്റെയല്ല. അത് ധരിച്ചിരിക്കുന്ന ശരീരത്തിന്റെതാണ്. എന്തുകൊണ്ടാണ് ചിലർ സ്വന്തം ശരീരത്തിനു ചേരാത്ത വസ്ത്രം ധരിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇവർ ഇപ്പോഴും പൊതുവിടത്തിൽ മോശമായി നടക്കാൻ ഇഷ്ടപ്പെടുന്നു. സ്റ്റൈലിൽ മാന്യതയാവാം.’– എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ കുറിപ്പ്. ഇത് ബോഡി ഷെയിമിങ്ങും സദാചാര പൊലീസിങ്ങും ആണെന്ന് സമൂഹമാധ്യമത്തില്‍ പലരും അഭിപ്രായപ്പെട്ടു. വസ്ത്രധാരണം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് നടന്‍ അഭിനവ് ശുക്ല എക്സില്‍ കുറിച്ചു. ഐറയുടേത് വളരെ മാന്യമായ പെരുമാറ്റമാണെന്നും ഭൂമിയില്‍ തൊട്ട് നടക്കുന്ന ഒരേയൊരു താരപുത്രിയാണ് ഐറയെന്നുമായിരുന്നു നടന്‍റെ വാക്കുകള്‍. ’അവൾക്ക് നാട്യങ്ങളില്ല, ഷോ ഓഫില്ല, അവൾക്കു ചുറ്റിലും അഞ്ച് ബൗൺസർമാരുടെയും മാനേജർമാരുടെയും സംഘമില്ല. മിക്കപ്പോഴും ആ പെൺകുട്ടിയും സഹോദരനും സാധാരണ കുട്ടികളെ പോലെ വസ്ത്രം ധരിച്ച് റിക്ഷയിലാണ് യാത്ര ചെയ്യുന്നത്. എന്താണ് അതിൽ തെറ്റ്? എനിക്ക് മനസ്സിലാകുന്നില്ല. ചുരുങ്ങിയത് ആക്ടീവായിരിക്കാൻ അവൾ ശ്രമിക്കുന്നുണ്ട്.’– എന്നും അഭിനവ് കുറിച്ചു.സ്ത്രീകളുടെ വസ്ത്രധാരണത്തിന്‍റെ മാന്യത ആരാണ് നിശ്ചയിക്കുന്നതെന്നും ഐറയെ പിന്തുണച്ചുകൊണ്ട് പലരും സമൂഹമാധ്യമത്തിൽ കുറിച്ചു. ശരീരഭാരം കൂടുന്നതു സംബന്ധിച്ച പ്രശ്നങ്ങൾ കഴിഞ്ഞ കുറേക്കാലമായി അനുഭവിക്കുന്നുണ്ടെന്ന് ഐറ നേരത്തേ പറഞ്ഞിരുന്നു. ജീവിതത്തില്‍ ഡിപ്രഷന്‍ മറികടന്നതിനെക്കുറിച്ചും ഐറ ഖാന്‍ മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്

Similar News