തന്റെ ജീവിതത്തിൽ ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തി രൺവീർ സിംഗ്
അയാൾ പല അഭിനേതാക്കളോടും മോശമായി പെരുമാറിയതായി താൻ അറിഞ്ഞുവെന്നും രൺവീർ
രൺവീർ സിങിന്റെ അഭിനയ ജീവിതത്തിലെ വലിയ വിജയമായി 'ധുരന്ധർ' മാറി കഴിഞ്ഞു. സിനിമ ബോക്സ് ഓഫീസിൽ തരംഗമായി മുന്നേറുമ്പോൾ ഓരോ സിനിമകൾ കഴിയുന്തോറും തന്റെ അഭിനയ മികവിലൂടെ ബോളിവുഡിനെ അമ്പരപ്പിക്കുന്ന രൺവീറും ചർച്ചകളിൽ നിറയുകയാണ്. അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ രൺവീറിന് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും ഇതോടൊപ്പം ചർച്ചയാകുന്നുണ്ട്.
ആദ്യകാലങ്ങളിൽ കാസ്റ്റിങ് കൗച്ചിന് താൻ ഇരയായിട്ടുണ്ടെന്ന് രൺവീർ വർഷങ്ങൾക്ക് മുൻപ് പല ഇന്റർവ്യൂകളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി സിനിമാ വ്യവസായത്തിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണെന്നും അത് താൻ നേരിട്ട് അനുഭവിച്ചറിഞ്ഞതാണെന്നും രൺവീർ പറയുന്ന പഴയ വിഡിയോകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്കാസ്റ്റിങ് ഏജന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി മനോഹരമായ ഒരു പോർട്ട്‌ഫോളിയോയുമായാണ് താൻ അഭിമുഖത്തിന് പോയത്. നടനാകുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തതിന്റെ പരിചയവും തനിക്ക് ഉണ്ടായിരുന്നു. എന്നാൽ കാസ്റ്റിങ് ഏജന്റ് പോർട്ട്ഫോളിയോയിലേക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല. അയാൾക്ക് അതിൽ ഒന്നും താൽപ്പര്യമില്ല എന്ന് പെട്ടെന്ന് തന്നെ വ്യക്തമായി. അയാൾക്ക് എന്താണ് താൽപര്യമെന്ന് മനസിലാകുകയും ചെയ്തു.
'നീ ഒന്നുകൂടി സ്മാർട്ട് ആവണം, സെക്‌സിയുമായുമാവണം, അങ്ങനെയെങ്കിൽ നിന്നെ എനിക്ക് ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ സാധിക്കും, അപ്പോൾ നീ തന്നെ എനിക്ക് വേണ്ടതെല്ലാം തരും' - എന്നായിരുന്നു അയാളുടെ വാക്കുകൾ.
ആ മനുഷ്യന്റെ ധൈര്യത്തിൽ അമ്പരന്നുപോയ രൺവീർ, അയാളുമായി തർക്കിക്കുന്നതിനിടെയും മോശമായ രീതിയില്‍ അയാള്‍ ശരീരത്തിൽ സ്പർശിക്കാനായി ശ്രമിച്ചു. പൂർണമായും എതിർത്തതോടെ അയാൾ സ്ഥലം വിട്ടു. പിന്നീട് അയാൾ പല അഭിനേതാക്കളോടും മോശമായി പെരുമാറിയതായി താൻ അറിഞ്ഞുവെന്നും രൺവീർ വെളിപ്പെടുത്തുന്നു..