"സഞ്ജു... നിന്റെ യഥാർത്ഥ കഴിവ് എന്താണെന്ന് നീ ലോകത്തിന് കാണിച്ചുകൊടുത്തു" വൈകാരികമായ കുറുപ്പുമായി പൃഥ്വിരാജ്

നിനക്കിന്ന് നിന്റേതായ ഒരിടമുണ്ട്. വരുംതലമുറകൾക്കും ഈ ലോകകപ്പിലെ നിന്റെ പ്രകടനം കണ്ടവർക്കും മാതൃകയാകുന്ന രീതിയിലുള്ള വലിയൊരു പൈതൃകം ഇനിയും കെട്ടിപ്പടുക്കുക!

Update: 2026-03-09 17:11 GMT

 ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇന്നേവരെയൊക്കെ കണ്ടിട്ടില്ലാത്ത തരത്തിലെ ആവേശകരമായ തിരിച്ചുവരവിന്ടെയും പോരാട്ടത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയായി മാറിക്കഴിഞ്ഞു ടി20 ലോകകപ്പ് വിജയം.

 ഈ വിജയം മലയാളികൾക്ക് കുറച്ചധികം സ്പെഷ്യൽ ആണ്. കിരീടം നിലനിർത്തി ടീം ഇന്ത്യ ലോകത്തിന് മുന്നിൽ കരുത്ത് തെളിയിച്ചപ്പോൾ, അതിനേക്കാൾ വലിയൊരു വിസ്മയമായി മലയാളി താരം സഞ്ജു സാംസൺ ക്രിക്കറ്റ് ഭൂപടത്തിൽ തന്റെ പേര് തങ്കലിപികളാൽ കൊത്തിവെച്ചുകഴിഞ്ഞു . സഞ്ജു സാംസൺ എന്ന നായകന്റെ  നിശ്ചയദാർഢ്യത്തിന്റെ ഈ ഉജ്ജ്വല ഗാഥയെ വാനോളം പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ.

ടീമിലെ സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും നടുവിൽ നിന്ന്, വെറും അഞ്ച് മത്സരങ്ങൾ കൊണ്ട് ടൂർണമെന്റിലെ മികച്ച താരമായി മാറിയ സഞ്ജുവിന്റെ യാത്രയെ 'വിധി എഴുതിയ തിരക്കഥ' എന്നാണ് പൃഥ്വിരാജ് വിശേഷിപ്പിച്ചത്. 

 പൃഥ്വിരാജിന്റെ കുറിപ്പ് ഇങ്ങനെ.

"ടീം ഇന്ത്യ ലോകചാമ്പ്യന്മാരായിരിക്കുന്നു! ടി20 കിരീടം നിലനിർത്തുന്ന ആദ്യ ടീം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആ ഒരു ചെറിയ തിരിച്ചടി ഒഴിച്ചുനിർത്തിയാൽ ഐതിഹാസികമായ ഒരു മുന്നേറ്റം. എന്നാൽ ഈ ടൂർണമെന്റിലെ യഥാർത്ഥ അത്ഭുതം, വിധി സഞ്ജു സാംസണായി എഴുതിവെച്ച തിരക്കഥയാണ്! അവസാന പതിനഞ്ചിൽ ഇടംപിടിക്കുമോ എന്ന് പോലും സംശയിച്ചിടത്തുനിന്ന്, വെറും 5 മത്സരങ്ങൾ കൊണ്ട് ടൂർണമെന്റിലെ മികച്ച താരമായി മാറിയ സഞ്ജുവിന്റെ വളർച്ച അവിശ്വസനീയമാണ്!


ഒരു തലമുറയെ സംബന്ധിച്ചിടത്തോളം, ഒരു ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ ഒരു ഇന്ത്യൻ താരം കാഴ്ചവച്ച ഏറ്റവും മികച്ച പ്രകടനം 98ലെ ഷാർജ കപ്പിൽ സച്ചിൻ ടെണ്ടുൽക്കർ നടത്തിയ 'ഡെസേർട്ട് സ്റ്റോമും' ഫൈനലിലെ സെഞ്ചുറിയുമായിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, തന്റെ കഠിനമായ ഘട്ടങ്ങളിൽ സച്ചിൻ തന്നെയായിരുന്നു തനിക്ക് വഴികാട്ടിയെന്ന് പ്രസന്റേഷൻ വേളയിൽ വെളിപ്പെടുത്തിയ സഞ്ജു സാംസൺ ആ പ്രകടനത്തെയും മറികടന്നിരിക്കുന്നു. 

സഞ്ജു... നിന്റെ യഥാർത്ഥ കഴിവ് എന്താണെന്ന് നീ ലോകത്തിന് കാണിച്ചുകൊടുത്തു. ഒരു ആരാധകൻ എന്ന നിലയിൽ, ഈ മൂന്ന് ഇന്നിങ്സുകൾ നിന്റെ ഉജ്ജ്വലമായ കരിയറിനെ ഇനിയങ്ങോട്ട് രൂപപ്പെടുത്തുമെന്ന് ഞാൻ പ്രത്യാശിക്കുന്നു! ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് താങ്കൾ. ഇനിയും 6-8 വർഷങ്ങൾ താങ്കൾക്കു മുന്നിലുണ്ട്. ലോകവേദികളിൽ ഇനിയും വിസ്മയങ്ങൾ തീർക്കുക! ക്രിക്കറ്റ് ചരിത്രത്തിന്റെ താളുകളിൽ നിനക്കിന്ന് നിന്റേതായ ഒരിടമുണ്ട്. വരുംതലമുറകൾക്കും ഈ ലോകകപ്പിലെ നിന്റെ പ്രകടനം കണ്ടവർക്കും മാതൃകയാകുന്ന രീതിയിലുള്ള വലിയൊരു പൈതൃകം ഇനിയും കെട്ടിപ്പടുക്കുക! പൊളിക്കൂ അനിയാ (ചേട്ടാ)! " എന്നാണ് പൃഥ്വിരാജ് കുറിച്ചത് .

Tags:    

Similar News