"എനക്ക് ഉടനെ അവരെ പാത്തകണം സാര്‍, നാന്‍ അവരുടെ പെരിയ ഫാന്‍"
Vijay Sethupathi about Mohanlal;
വിസ്മയിപ്പിക്കുന്ന നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയം കാണാന്‍ നടന്‍ വിജയ്‌സേതുപതി എത്തിയ സംഭവം പങ്കുവയ്ക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍.
ഓരോ സിനിമ കഴിയുമ്പോഴും ചിലപ്പോള്‍ ചില മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ ഉണ്ടാകും. ദുഃഖകരമായ സംഭവങ്ങള്‍, സന്തോഷം നല്‍കുന്ന കാര്യങ്ങള്‍, അഭിമാനം തോന്നുന്ന മുഹൂര്‍ത്തങ്ങള്‍ അങ്ങനെ പലതും.
ഹൈദ്രാബാദ് രാമോജി ഫിലിംസിറ്റിയില്‍ 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ആശിര്‍വാദ് -പ്രിയദര്‍ശന്‍ സാര്‍ പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. സെറ്റിന് പുറത്ത് ഞാന്‍ നില്‍ക്കുമ്പോള്‍ മുന്നിലൂടെ പോകുന്ന റോഡില്‍ ഒരു കാര്‍ എന്നെയും കടന്നു മുന്നോട്ടു പോയി. നോക്കുമ്പോള്‍ ആ കാര്‍ റിവേഴ്സ് വരുന്നു.
കാറില്‍ നിന്നിറങ്ങി വന്നത് ഫൈറ്റ് മാസ്റ്റര്‍ അനല്‍ അരസ്സ്. അനലുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത ഒരു പടത്തില്‍ ആണ് അനല്‍ സ്വതന്ത്ര മാസ്റ്റര്‍ ആകുന്നത്. 'മത്സരം'. അതില്‍ പീറ്റര്‍ ഹൈന്‍ ആയിരുന്നു മാസ്റ്റര്‍. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോള്‍ അസിസ്റ്റന്റ് ആയ അനലിനെ പടം ഏല്‍പ്പിച്ചു പീറ്റര്‍ മാസ്റ്റര്‍ പോയി. അനല്‍ തന്റെ ജോലി ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു.
പൃഥ്വിരാജ് അഭിനയിച്ച 'പുതിയമുഖം' ആണ് അനലിനെ മലയാളത്തില്‍ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോള്‍ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാ മന്നന്‍ ആണ് അനല്‍. വിജയ്‌സേതുപതിയുടെ ഷൂട്ടിനാണ് മാസ്റ്റര്‍ എത്തിയിരിക്കുന്നത്.
മാസ്റ്റര്‍ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്‌സേതുപതിയെ പരിചയപ്പെടുത്തി. ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട് ആണ് നടക്കുന്നതെന്നറിഞ്ഞപ്പോള്‍ വിജയ് പറഞ്ഞു. എനക്ക് ഉടനെ അവരെ പാത്തകണം സാര്‍, നാന്‍ അവരുടെ പെരിയഫാന്‍. അതിനെന്താ നമുക്ക് പോകാം. ലാലേട്ടന്‍ ഇപ്പോള്‍ ഫ്രീ ആണ് കാരവാനില്‍ ഉണ്ട്. എനിക്ക് കാരവാനില്‍ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം. അത് കണ്ടു പഠിക്കണം. അഭിനയത്തിന്റെ സര്‍വകലാശാലയാണ് അദ്ദേഹം.
ലാലേട്ടനെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും. പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയ്യാറാവില്ല. അതും തന്റെ ഭാഷയില്‍ ഔന്നത്യത്തില്‍ നില്‍ക്കുന്ന ഒരു നടന്‍. തനിയെ എന്നോട് മാത്രമായിട്ടല്ല. ആ പടത്തിന്റെ സംവിധായകനും സഹനടന്മാരും ചുറ്റും നില്‍ക്കുമ്പോള്‍.
വൈകീട്ട് അദ്ദേഹം സെറ്റില്‍ വന്നു. കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്. നേരിട്ടും പ്രിയദര്‍ശന്‍ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും. മറ്റു ഭാഷകളിലെ നടന്‍മാര്‍ക്ക് കണ്ടുപഠിക്കാന്‍ ഒരു അഭിനേതാവ് നമ്മുടെ ഭാഷയില്‍ ഉണ്ടായി എന്നത് മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്-സിദ്ദു പനയ്ക്കല്‍ കുറിച്ചു.