ആധുനിക മലയാളി ചർച്ച ചെയ്യേണ്ട ബിരിയാണി എന്ന മലയാള ചലച്ചിത്രം
2020 സജിൻ ബാബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബിരിയാണി വീണ്ടും ചർച്ചയാകുന്നു.;
വെള്ളിനക്ഷത്രം ഓൺലൈൻ
ബിരിയാണി
സംവിധായകൻ സജിൻ ബാബുവിന്റെ ഏറ്റവും ശക്തമായ ചലച്ചിത്രമാണ് ബിരിയാണി.
2020 ൽ പുറത്തിറങ്ങിയ ഈ സിനിമയെ കേവലം ഒരു കലാസൃഷ്ടിയായി കാണാൻ സാധിക്കില്ല.
കേരളീയ മുസ്ലീം സമൂഹത്തിലെ ചില പ്രശ്നങ്ങളെയും, അതിനിടയിൽ പെട്ടുപോകുന്നു ഖദീജ എന്ന സ്ത്രീയുടെയും ചെറുത്ത് നിൽപ്പാണ് സിനിമ.
നിലനിൽപ്പിനും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനുമുള്ള ഖാദീജയുടെ പോരാട്ടം ശക്തമായ ഒരു സാമൂഹിക വിമർശനം കൂടിയാണ്.
ഏകദേശം ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ഈ മലയാള ചലച്ചിത്രം
ഒരു സ്ത്രീ എങ്ങനെയാണ് കുടുംബത്തിന്റെയും സമുദായത്തിന്റെയും ലൈംഗികതയുടെയും അതിർവരമ്പുകൾ തകർത്തെറിഞ്ഞ് സ്വന്തം വ്യക്തിത്വം വീണ്ടെടുക്കാൻ ശ്രമിക്കുന്നത് എന്ന് വരച്ചുകാട്ടുന്നു.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഖദീജ അടിച്ചമർത്തപ്പെട്ട അനേകം പെൺകുട്ടികളുടെ പ്രതിബിംബമാണ്.
കനി കുസൃതിയാണ് ഖദീജയായ് പ്രേക്ഷകരെ വിസ്മയിപ്പിച്ചത്.
അവരുടെ പ്രകടനമാണ് ഈ സിനിമയുടെ നട്ടെല്ല് എന്ന് തന്നെ പറയാം.
വിവാഹിതയും ഒരു കുട്ടിയുടെ ഉമ്മയും ആയ കദീജ ഭർത്താവുമായി അകന്നു നിൽക്കുകയാണ്.
മതാചാരങ്ങൾ അമിതമായി പിന്തുടരുന്നതുമായ സമുദായത്തിന്റെ ഭാഗമായ
അവളുടെ ലോകം ഇടുങ്ങിയതും വിരസവുമാണ്.
എന്നാൽ ഇതിനിടയിൽ അവളുടെ സഹോദരൻ തീവ്രവാദ ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്നതും ഉമ്മ മാനസിക രോഗി ആകുന്നതും അവളുടെ ജീവിതം കീഴ്മേൽ മറിക്കുന്നു.
സമുദായവും സമൂഹവും അവളെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്നു.
ഈ ഭ്രഷ്ടും ഒറ്റപ്പെടലും ഖദീജയുടെ ഉള്ളിലെ സംഘർഷങ്ങളെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു. സമൂഹത്തിന്റെ കെട്ടുപാടുകളിൽ നിന്ന് മോചനം നേടി,സ്വന്തം ലൈംഗികതയെയും ശരീരത്തെയും തിരിച്ചറിയാൻ ശ്രമിക്കുന്ന ഒരു യാത്രയായിരുന്നു തുടർന്നുള്ള ജീവിതം.
പുരുഷ കേന്ദ്രീകൃത ലോകത്ത് സ്വന്തം ശരീരം ഒരു പ്രതിരോധ ആയുധമായി ഉപയോഗിക്കാൻ അവൾ നിർബന്ധിതയാവുന്നതിന്റെ ദൃശ്യങ്ങൾ സിനിമ ഒട്ടും മയമില്ലാതെ അവതരിപ്പിക്കുന്നു.
ഈ പരുക്കൻ യാഥാർത്ഥ്യങ്ങളെയാണ് കനി കുസൃതിയുടെ നിസ്സംഗവും അതേസമയം ശക്തവുമായ ഭാവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
വിഷയത്തിന്റെ തീവ്രതയും ആവിഷ്കാര ശൈലിയും
മതം, ലൈംഗികത, രാഷ്ട്രീയം എന്നീ വിഷയങ്ങളെ മുഖാമുഖം നിർത്തി സംസാരിക്കുന്ന രീതിയും എടുത്ത് പറയേണ്ടത് ആണ്.
മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ ലൈംഗിക ആവശ്യങ്ങൾ, വിധേയത്വം, അവരുടെ നിശബ്ദമായ വേദനകൾ എന്നിവയെല്ലാം സിനിമ സമൂഹത്തിനു മുന്നിൽ തുറന്ന ചർച്ചയ്ക്ക് വെക്കുന്നു.
പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകളുടെ ശരീരം ഒരു ഭോഗ'വസ്തു'വായി മാത്രം എങ്ങനെ കണക്കാക്കപ്പെടുന്നു എന്നതിനെ ചിത്രം ശക്തമായി വിമർശിക്കുന്നു. '
ബിരിയാണി' എന്ന പേര് പോലും സിനിമയിലെ വ്യവസ്ഥാപിത ചിന്താഗതികൾക്കും ആചാരങ്ങൾക്കുമെതിരെയുള്ള ഒരു വാളായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്.
വളരെ റിയലിസ്റ്റിക്ക് ആയി പോകുന്ന സിനിമയുടെ ആവിഷ്കാര ശൈലി എടുത്ത് പറയേണ്ട ഒന്നാണ്.
ലോംഗ് ഷോട്ടുകളും, കഥാപാത്രങ്ങളുടെ മാനസികാവസ്ഥ പ്രതിഫലിക്കുന്ന ക്ലോസപ്പുകളും ധാരാളമായി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു. സിനിമയുടെ താളം പതിഞ്ഞതാണ്, എന്നാൽ ഓരോ ഫ്രെയിമും അതിനുള്ളിൽ ഒരു വലിയ ആശയ സംഘർഷം ഒളിപ്പിച്ചുവെക്കുന്നു. സിനിമയിലെ പല ഭാഗങ്ങളും പ്രേക്ഷകരെ അസ്വസ്ഥരാക്കിയേക്കാം. കാരണം, ഇത് സൗന്ദര്യവത്കരിക്കപ്പെട്ട ഒരു കാഴ്ചയല്ല, മറിച്ച് യാഥാർത്ഥ്യത്തിന്റെ പരുക്കൻ ചിത്രീകരണമാണ്. ചലച്ചിത്രമേളകളിൽ മികച്ച പ്രതികരണം നേടിയെങ്കിലും, സാധാരണ പ്രേക്ഷകർക്കിടയിൽ ഒരു 'കലാമൂല്യമുള്ള സിനിമ' എന്ന നിലയിലാണ് ഇത് കൂടുതൽ ചർച്ചയായത്.
കല ഒരു വിമർശന ഒരു വിമർശനം ആയതിനാൽ
ബിരിയാണി എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ചലച്ചിത്രമല്ല. എന്നാൽ, ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് മലയാള സിനിമയിൽ, സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ ധീരമായി സമീപിക്കാൻ ശ്രമിക്കുന്ന ചിത്രങ്ങളിൽ ഇതിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.
ഈ ചിത്രം, സദാചാരത്തിന്റെ പേരിലുള്ള കാപട്യങ്ങളെയും സാമൂഹികമായി സ്ത്രീകളോടുള്ള വിവേചനങ്ങളെയും ചോദ്യം ചെയ്യാൻ പ്രേക്ഷകനെ നിർബന്ധിതനാക്കുന്നു.
സാമൂഹിക വിഷയങ്ങൾ ചോദ്യം ചെയ്യുന്ന സിനിമ ഇഷ്ടപ്പെടുന്നവർക്ക് 'ബിരിയാണി' ഒരു അത്യപൂർവമായ അനുഭവമായിരിക്കും.