ഇന്‍സൈഡ് ദി വുള്‍ഫ്, റിവര്‍സ്റ്റോണ്‍ ഉള്‍പ്പെടെ സമാപന ദിവസം 11 ചിത്രങ്ങള്‍
പലസ്തീന്‍ സിനിമ വിഭാഗത്തില്‍ ഷായ് കര്‍മ്മേലി പൊള്ളാക്കിന്റെ 'ദി സീ', കടല്‍ കാണാന്‍ ആഗ്രഹിക്കുന്ന 12 വയസുകാരന്റെ കഥയാണ്. രാവിലെ 9.30ന് കൈരളി തിയറ്ററിലാണ് സിനിമ. 98ാമത് ഓസ്‌കറിന് ഇസ്രായേലി എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്.;
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ദിവസമായ വെള്ളിയാഴ്ച്ച ഇന്‍സൈഡ് ദി വുള്‍ഫ്, റിവര്‍സ്റ്റോണ്‍ എന്നിവ ഉള്‍പ്പെടെ 11 ചിത്രങ്ങള്‍.
പലസ്തീന്‍ സിനിമ വിഭാഗത്തില്‍ ഷായ് കര്‍മ്മേലി പൊള്ളാക്കിന്റെ 'ദി സീ', കടല്‍ കാണാന്‍ ആഗ്രഹിക്കുന്ന 12 വയസുകാരന്റെ കഥയാണ്. രാവിലെ 9.30ന് കൈരളി തിയറ്ററിലാണ് സിനിമ. 98ാമത് ഓസ്‌കറിന് ഇസ്രായേലി എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്.
ലോക സിനിമ വിഭാഗത്തില്‍, വിവാഹബന്ധം വേര്‍പെടുത്തിയ അമ്മയുടെയും അവരുടെ കുട്ടികളുടെയും കഥ പറയുന്ന, ജോക്കിം ലാഫോസ് സംവിധാനം ചെയ്ത 'സിക്‌സ് ഡേയ്‌സ് ഇന്‍ സ്പ്രിങ്' ഉച്ച 12 ന് കൈരളിയില്‍ പ്രദര്‍ശിപ്പിക്കും.
സുസന്ന മിര്‍ഘാനി സംവിധാനം ചെയ്ത 'കോട്ടണ്‍ ക്യൂന്‍', കാര്‍ല സിമോണ്‍ സംവിധാനം ചെയ്ത 'റൊമേറിയ', ഷാങ്ങ് ലു സംവിധാനം ചെയ്ത 'ഗ്ലോമിംഗ് ഇന്‍ ലുവോമു', ലലിത് രത്‌നായകെ സംവിധാനം ചെയ്ത 'റിവര്‍ സ്റ്റോണ്‍', ലിസ്ബണ്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ ക്രിസ്റ്റ്യന്‍ പെറ്റ്‌സോള്‍ഡിന്റെ ചിത്രം 'മിറേഴ്സ് നമ്പര്‍ 3' എന്നിവയും നാളെ പ്രദര്‍ശിപ്പിക്കുന്നവയില്‍ ഉള്‍പ്പെടും.
ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ മൗറിത്താനിയന്‍ സംവിധായകന്‍ അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയുടെ ശ്രദ്ധേയ ചിത്രം 'വെയ്റ്റിംഗ് ഫോര്‍ ഹാപ്പിനസ്',കാന്‍ ചലച്ചിത്രോത്സവത്തിന്റെ 50-ാമത് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ യൂസഫ് ഷഹീന്റെ പ്രശസ്ത ചിത്രം 'കയ്റോ സ്റ്റേഷന്‍', വിയറ്റ്‌നാം യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികം അനുസ്മരിച്ച് ഈ വര്‍ഷത്തെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ട്രിന്‍ ദിന്‍ ലെ മിന്‍ സംവിധാനം ചെയ്ത 'വണ്‍സ് അപ്പോണ്‍ എ ലവ് സ്റ്റോറി', ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തില്‍, പെറു സംവിധായകന്‍ ഫ്രാന്‍സിസ്‌കോ ജെ ലൊംബാര്‍ഡിയുടെ 'ഇന്‍സൈഡ് ദി വുള്‍ഫ്' എന്നിവയും നാളത്തെ പട്ടികയിലുണ്ട്.
വൈകിട്ട് 6 മണിയോടെ സമാപന ചടങ്ങുകള്‍ നിശാഗന്ധിയില്‍ നടക്കും. തുടര്‍ന്ന് സുവര്‍ണ ചകോരം നേടിയ സിനിമ പ്രദര്‍ശിപ്പിക്കും.