പൂവന്‍കോഴിയുടെ വിരഹ ദുഃഖവും പേറി ഞാന്‍ ഷോട്ടിലേക്ക്... മമ്മൂട്ടിയുടെ കുറിപ്പ് വൈറലാകുന്നു

ഇന്നു രാവിലെ ലൊക്കേഷനില്‍ എത്തിയപ്പോള്‍, ഇന്നലത്തെ പിടക്കോഴിയെ കാണാനില്ലന്നുള്ള വാര്‍ത്തയാണ് എന്നെ എതിരേറ്റത്. ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലക്ക് കോഴിയെ തിരിച്ചേല്‍പ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്. എത്രയും പെട്ടെന്ന് മേല്‍പ്പറഞ്ഞ കോഴിയെ കണ്ടു പിടിക്കണമെന്ന് നിര്‍മ്മാണ കാര്യാദര്‍ശിയോട് ഞാന്‍ നിര്‍ദ്ദേശിച്ചു.

Update: 2026-02-10 04:59 GMT

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പദയാത്ര എന്ന മമ്മൂട്ടി ചിത്രം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍- മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയുടെ മറ്റു വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. മമ്മൂട്ടി കമ്പനിയാണ് സിനിമയുടെ നിര്‍മാണവും. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ ഒരു സംഭവത്തെ വളരെ മനോഹരമായി തന്റെ സുഹൃത്തുക്കളുടെ വാട്‌സാപ്പില്‍ മമ്മൂട്ടി അയച്ച കുറിപ്പ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുകയാണ്. വനത്തിലെ ആദിവാസി ഊരില്‍ നടന്ന ഷൂട്ടിംഗിനിടയിലുണ്ടായ സംഭവമാണ് മമ്മൂട്ടി വിവരിക്കുന്നത്. മമ്മൂട്ടിയുടെ കുറിപ്പ് ഇങ്ങനെ...

വനത്തിലെ ആദിവാസി ഊരിലാണ് ഷൂട്ടിങ്ങ്. അഭിനയിക്കാനായി പരിശീലനം സിദ്ധിച്ച മൂന്നു പിടക്കോഴികളെയും ഒരു പൂവന്‍ കോഴിയേയും കൊണ്ടുവന്നിട്ടുണ്ട്. ഷൂട്ടിങ് ഇടവേളയില്‍ സുന്ദരിയായ ഒരു പിടക്കോഴിയും പൂവന്‍ കോഴിയും പരസ്പ്പരം കലഹിക്കുന്ന രീതിയിലുള്ള ചില ചേഷ്ട്ടകള്‍ കാണിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചതാണ്. അങ്ങനെ ഇന്നലത്തെ ഷൂട്ടിങ് കഴിഞ്ഞു. ഇന്നു രാവിലെ ലൊക്കേഷനില്‍ എത്തിയപ്പോള്‍,

ഇന്നലത്തെ പിടക്കോഴിയെ കാണാനില്ലന്നുള്ള വാര്‍ത്തയാണ് എന്നെ എതിരേറ്റത്. ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലക്ക് കോഴിയെ തിരിച്ചേല്‍പ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്. എത്രയും പെട്ടെന്ന് മേല്‍പ്പറഞ്ഞ കോഴിയെ കണ്ടു പിടിക്കണമെന്ന് നിര്‍മ്മാണ കാര്യാദര്‍ശിയോട് ഞാന്‍ നിര്‍ദ്ദേശിച്ചു. സുന്ദരിയായ ഈ കോഴിക്കുട്ടിയെ പൂവന്‍കോഴി പീഡിപ്പിച്ചു കാണുമോ എന്നായിരുന്നു എന്റെ ഭയം. എന്നാല്‍ തികച്ചും നിസ്സംഗനായി തീറ്റ കൊത്തിത്തിന്നുന്ന പൂവന്‍ കോഴിയെയാണ് ഞാന്‍ അവിടെ കണ്ടത്. സുന്ദരിക്കോഴിക്കു എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്!

അവളുടെ തൂവ്വലുകളുടെ ചന്തവും കോഴിനടയും, കൊക്കുമെല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഒരു കറുത്തപട്ടിയെ എനിക്ക് സംശയമുണ്ടായിരുന്നു. അവനെങ്ങാനും ഇരുട്ടിന്റെ മറവില്‍ തട്ടിയതായിരിക്കുമോ? അങ്ങനെ പലതും ചിന്തിച്ച് കുറേ നേരം ഞാനങ്ങനെയിരുന്നു. ഒരു മണിക്കൂറിനു ശേഷം നിര്‍മ്മാണ കാര്യദര്‍ശ്ശി വന്ന് പറഞ്ഞപ്പോള്‍ ഞാനത്ഭുതപ്പെട്ടു പോയി. എന്റെ സുന്ദരിക്കോഴി സുന്ദരനും മല്ലനുമായ ഒരു കാട്ടുകോഴിയുമായി ഒളിച്ചോടിയത്രെ.ഞാന്‍ പൂവങ്കോഴിയെ നോക്കി. അവന്റെ നിസ്സംഗ്ഗതയുടെ അര്‍ത്ഥം നഷ്ട്ട ബോധമാണെന്ന് എനിക്ക് മനസ്സിലായി. 'ഷോട്ട് റെഡി' സഹസംവിധായകന്‍ വന്ന് വിളിച്ചു . പൂവന്‍കോഴിയുടെ വിരഹ ദുഃഖവും പേറി ഞാന്‍ ഷോട്ടിലേക്ക്.

Adoor Gopalakrishnan
Mammootty
Posted By on10 Feb 2026 10:29 AM IST
ratings
Tags:    

Similar News