നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

പായഭേദമെന്യേ ഏവര്‍ക്കും ആസ്വദിക്കാന്‍ ഉതകുന്ന തരത്തിലുള്ള സിനിമകളായിരുന്നു ശ്രീനിവാസന്റേത്. സാധാരണ മനുഷ്യരുടെ ജീവിതങ്ങളും ആക്ഷേപഹാസ്യത്തിന്റെ സാധ്യതകളും ഒരേപോലെ പരീക്ഷിച്ച തിരക്കഥാകൃത്തായിരുന്നു ശ്രീനിവാസന്‍.

Update: 2025-12-20 03:40 GMT

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ (66) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ചതോടെ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സ്ഥിരീകരിച്ചത്. ശ്രീനിവാസന്റെ മരണത്തോടെ 48 വര്‍ഷത്തെ സിനിമാ ജീവിതത്തിനാണ് വിടചൊല്ലുന്നത്. പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വദിക്കാന്‍ ഉതകുന്ന തരത്തിലുള്ള സിനിമകളായിരുന്നു ശ്രീനിവാസന്റേത്. സാധാരണ മനുഷ്യരുടെ ജീവിതങ്ങളും ആക്ഷേപഹാസ്യത്തിന്റെ സാധ്യതകളും ഒരേപോലെ പരീക്ഷിച്ച തിരക്കഥാകൃത്തായിരുന്നു ശ്രീനിവാസന്‍. ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ സിനിമകള്‍ അദ്ദേഹം എഴുതി സംവിധാനം ചെയ്തവയാണ്. ഈ ചിത്രങ്ങള്‍ക്ക് ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1991ല്‍ പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമയിലെ രാഷ്ട്രീയം കേരളത്തിന്റെ നിലവിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ ഇന്നും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്.

1956 ഏപ്രില്‍ 4-ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. കതിരൂര്‍ ഗവ സ്‌കൂളിലും പഴശ്ശിരാജ എന്‍എസ്സ്എസ്സ് കോളജിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടന്‍ രജനികാന്ത് സഹപാഠിയായിരുന്നു.

ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977-ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ശ്രീനിവാസന്‍ പ്രവേശിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന് അഭിനയപാഠങ്ങള്‍ പഠിപ്പിച്ചത് അക്കാലത്തെ വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്ന എ.പ്രഭാകരന്‍ ആയിരുന്നു. പിന്നീട് അദ്ദേഹം തന്റെ തന്നെ മേള എന്ന സിനിമയില്‍ അഭിനയിക്കാന്‍ ശ്രീനിവാസന് അവസരം കൊടുത്തു.

1984ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ സംവിധാനം ചെയ്തു ജനപ്രീതി നേടിയ സിനിമകളാണ്. വിമലയാണ് ഭാര്യ. മക്കള്‍: വിനീത് ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്), ധ്യാന്‍ ശ്രീനിവാസന്‍ (അഭിനേതാവ്).

1956 ഏപ്രില്‍ 4ന് തലശേരിക്കടുത്തുള്ള പാട്യത്താണ് ശ്രീനിവാസന്റെ ജനനം. മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളജില്‍ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് ചലച്ചിത്ര അഭിനയത്തില്‍ പരിശീലനവും നേടിയ അദ്ദേഹം 1977ല്‍ പി.എ. ബക്കറുടെ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. പ്രശസ്ത സിനിമാനടന്‍ രജനികാന്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠിയായിരുന്നു. ബക്കറുടേയും അരവിന്ദന്റെയും കെ.ജി ജോര്‍ജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പഞ്ചവടിപ്പാലത്തിലും വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്ത അദ്ദേഹം തിരക്കഥാരചനയിലേക്കും കടന്നു.' പൂച്ചയ്‌ക്കൊരു മൂക്കുത്തി'യാണ് ആദ്യ തിരക്കഥ. പ്രിയദര്‍ശനുമായി ചേര്‍ന്ന് ഹാസ്യത്തിന് മുന്‍തൂക്കം നല്‍കിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു.

സന്മസുളളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത,ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ് , അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍ ,ഞാന്‍ പ്രകാശന്‍ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കി. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ സംസ്ഥാന,ദേശീയ പുരസ്‌കാരങ്ങള്‍ നേടി. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍, 2018 ഡിസംബറില്‍ പുറത്തിറങ്ങിയ 'ഞാന്‍ പ്രകാശന്‍'ആണ് ശ്രീനിവാസന്‍ ഏറ്റവും ഒടുവില്‍ തിരകഥ എഴുതിയ ചിത്രം.

അഭിനയ രംഗത്തും മികച്ച വേഷങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചു. മഴമെയ്യുന്നു മദ്ദളം കൊട്ടുന്നു ചിത്രത്തിലെ എംഎ ധവാന്‍, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ കുറ്റന്വേഷകനായ വിജയന്‍, പൊന്‍മുട്ടയിടുന്ന താറാവിലെ സ്വര്‍ണപണിക്കാരന്‍, പാവം പാവം രാജകുമാരനിലെ പാരലല്‍ കോളജ് അധ്യാപകന്‍, വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, തേന്‍മാവിന്‍ കൊമ്പത്തിലെ മാണിക്യന്‍, ഉദയനാണ് താരത്തിലെ സരോജ്കുമാര്‍ തുടങ്ങിയ നിരവധി വേഷങ്ങള്‍ ശ്രദ്ധേയമായി.

ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന് 1989ലെ മികച്ച ചിത്രത്തിനുളള സംസ്ഥാന അവാര്‍ഡും ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998ലെ സാമൂഹികവിഷയ ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും നേടി. മഴയെത്തും മുമ്പേ(1995), സന്ദേശം (1991) എന്നീ ചിത്രങ്ങള്‍ മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം നേടി.

Sreenivasan
Sreenivasan
Posted By on20 Dec 2025 9:10 AM IST
ratings
Tags:    

Similar News