തായ്ലന്‍ഡില്‍ നടക്കുന്ന 'കാട്ടാളന്‍' സിനിമയുടെ ഷൂട്ടിനിടയില്‍ ആന്റണി വര്‍ഗ്ഗീസിന് പരിക്ക്

താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.;

By :  Bivin
Update: 2025-10-11 04:15 GMT

ക്യൂബ്‌സ്എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന 'കാട്ടാളന്‍' സിനിമയുടെ ഷൂട്ടിനിടയില്‍ അപകടം. തായ്ലന്‍ഡില്‍ സിനിമയുടെ ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിനിടയിലാണ് ആന്റണി വര്‍ഗീസ് പെപ്പെയ്ക്ക് പരിക്കേറ്റത്. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരം ഇപ്പോള്‍ വിശ്രമത്തിലാണ്. അപകടത്തെ തുടര്‍ന്ന് സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂള്‍ താല്‍ക്കാലികമായി മാറ്റിവെച്ചു.

നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെയാണ് തായ്ലന്‍ഡില്‍ തുടക്കം കുറിച്ചിരുന്നത്. ലോക പ്രശസ്ത തായ്ലന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളന്‍' ഷൂട്ട് നടക്കുന്നത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമായുണ്ട്. ആന്റണി വര്‍ഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന്‍ ഷായേയും കില്‍ താരം പാര്‍ത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്‌മാണ്ഡ പൂജ ചടങ്ങോടെയാണ് 'കാട്ടാളന്‍' സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നിരുന്നത്.

ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫറാണ് സിനിമയുടെ ആക്ഷന്‍ ഡയറക്ടര്‍ കെച്ച കെംബഡികെ.

paul george
Antony Peppe, Rajisha Vijayan,
Posted By on11 Oct 2025 9:45 AM IST
ratings
Tags:    

Similar News