ഓര്‍മകളുടെ ഇടമായി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ലൊക്കേഷന്‍ സ്‌കെച്ചുകള്‍
ജന്മശതാബ്ദി പ്രദര്‍ശനത്തിന് കൈരളി തിയേറ്ററില്‍ തുടക്കമായി;
തിരുവനന്തപുരം: കേരളത്തിലെ സമകാലീന ചിത്രകലയുടെ ഭാഷയില്‍ തന്റെ സവിശേഷ രേഖാചിത്രങ്ങളും ദൃശ്യ ഭാവനയും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ തിരഞ്ഞെടുത്ത സിനിമാ ലൊക്കേഷന്‍ സ്‌കെച്ചുകളുടെ പ്രദര്‍ശനം കൈരളി തിയേറ്ററില്‍ ആരംഭിച്ചു. നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രശസ്ത സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ ടി.കെ. രാജീവ് കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവലിലെ എക്‌സ്പീരിയന്‍സിയ, ഋത്വിക് ഘട്ടക്കിന്റെ പ്രദര്‍ശനം തുടങ്ങിയ ദൃശ്യാനുഭവങ്ങളോടൊപ്പമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ലൊക്കേഷന്‍ സ്‌കെച്ചുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. 'തമ്പ്', 'സോപാനം' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനേതാവായും സജീവമായിരുന്ന അദ്ദേഹത്തിന്റെ, സിനിമയ്ക്കായി വരച്ച ലൊക്കേഷന്‍ സ്‌കെച്ചുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 22 ചിത്രങ്ങളാണ് കൈരളി തിയറ്ററില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.
മാനുഷിക ഘടകങ്ങള്‍, കാലഘട്ടം, സ്വഭാവ സവിശേഷതകള്‍ എന്നിവ കണക്കിലെടുത്ത് കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് പ്രത്യേക കഴിവുണ്ടായിരുന്നുവെന്ന് സംവിധായകന്‍ ടരാജീവ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ അദ്ദേഹത്തിന്റെ നിരീക്ഷണപാടവം വ്യക്തമാണ്. ചടുലമായ വരകള്‍ വിപുലമായ രീതിയില്‍ വരുംകാലങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ആമുഖ പ്രസംഗം നടത്തി. ലളിതകലാ അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് രാജി എസ് പിള്ള ആശംസകളര്‍പ്പിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റിയും കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാനുമായ സുധീര്‍നാഥ്, അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, അക്കാദമി അംഗം സോഹന്‍ സീനുലാല്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സന്തോഷ് കീഴാറ്റൂര്‍ നന്ദി പറഞ്ഞു.