സ്വന്തമായി ജീപ്പ് വാങ്ങി, സിനിമയില്‍ അഭിനയിച്ചു; ഉറച്ച കാല്‍വെപ്പുകളുമായി ചോലനായ്ക്കര്‍
നിലമ്പൂര്‍ കരുളായി വനപ്രദേശത്ത് താമസിക്കുന്ന 34-കാരനായ വെള്ളകരിയന് മനീഷ് എന്ന മറ്റൊരു പേരുണ്ട്. ഈ രണ്ട് പേരുകള്‍ക്കിടയില്‍ ഈ ചോലനായ്ക്ക യുവാവിന്റെ സ്വത്വമൂറുന്നു.;
'നാട്ടില്‍ വന്നു ജീവിക്കുന്നതില്‍ ഗുണങ്ങളൊക്കെയുണ്ട്. പക്ഷെ, കാടാണ് സമാധാനം. അവിടെ ആരുടേയും കീഴിലല്ല. ജീവിക്കാനുള്ളതെല്ലാം കാട്ടിലുണ്ട്,' തിരുവനന്തപുരം മ്യൂസിയത്തില്‍ ഇരുന്ന് ഇത് പറയുമ്പോള്‍ കേരളത്തിലെ ഏറ്റവും പ്രാക്തന ഗോത്രവര്‍ഗ്ഗമായ ചോലനായ്ക്കരിലെ അംഗമായ വെള്ളകരിയന്റെ കണ്ണുകള്‍ തിളങ്ങി.
നിലമ്പൂര്‍ കരുളായി വനപ്രദേശത്ത് താമസിക്കുന്ന 34-കാരനായ വെള്ളകരിയന് മനീഷ് എന്ന മറ്റൊരു പേരുണ്ട്. ഈ രണ്ട് പേരുകള്‍ക്കിടയില്‍ ഈ ചോലനായ്ക്ക യുവാവിന്റെ സ്വത്വമൂറുന്നു.
'തന്തപ്പേര്' എന്ന ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത, ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയിലെ നായകനാണ് വെള്ളകരിയന്‍. ഒപ്പം മറ്റ് മൂന്ന് ചോലനായ്ക്ക യുവാക്കളും നടന്മാരായി -അയ്യപ്പന്‍, ബിജേഷ്, വിനയന്‍.
ആദ്യമായി മലപ്പുറത്തിന് പുറത്തു വന്നു, തിരുവനന്തപുരം നഗരിയിലൂടെ നടക്കുന്നതിന്റെ ഒരു അമ്പരപ്പും നാല് പേര്‍ക്കുമില്ല. കാരണം, ചെയ്യാന്‍ കഴിയില്ലെന്ന് പൊതുസമൂഹം കരുതിയിരുന്ന പലതും ചെയ്തു കാണിച്ച ഗോത്ര ജനതയാണവര്‍.
കാട്ടിലെ കുടിലില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് അടുത്തുള്ള കരുളായിയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലേക്ക്. ജീപ്പ് മാത്രം പോകുന്ന ഈ ദൂരം താണ്ടാന്‍ ജീപ്പ് ഡ്രൈവര്‍മാര്‍ക്ക് വന്‍ തുക നല്‍കേണ്ടി വരുന്നതും അവശ്യ സമയങ്ങളില്‍ വാഹനം കിട്ടാത്തതും ചോലനായ്ക്കരെ വിഷമിപ്പിച്ചു. ഇതിന് പുറമെ പുറത്തുനിന്നുള്ളവരുടെ ചൂഷണങ്ങളും.
പക്ഷെ, ഗോത്രവീര്യം തോല്‍ക്കാന്‍ കൂട്ടാക്കിയില്ല. ഒന്നിച്ചു നിന്നവര്‍ പണം സ്വരൂപിച്ചു. തേന്‍ വിറ്റും കാട്ടുമരുന്നും മറ്റ് വനവിഭവങ്ങള്‍ വിറ്റും ലഭിച്ച പണം കൊണ്ട് രണ്ട് വര്‍ഷം മുന്‍പ് സ്വന്തമായി ജീപ്പ് വാങ്ങി 'പൊതുസമൂഹത്തെ' ഞെട്ടിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ ഡ്രൈവിംഗ് ലൈസന്‍സും നേടി.
പുറത്തുനിന്നുള്ള ഡ്രൈവര്‍മാര്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ഓടിയ ദൂരം ഇപ്പോള്‍ ചോലനായ്ക്കര്‍ ഒന്നര മണിക്കൂറില്‍ സ്വന്തം ജീപ്പില്‍ കുതിച്ചെത്തും.
'മൂന്ന് ജീപ്പുകള്‍ വരെ ഞങ്ങള്‍ വാങ്ങി. ഇപ്പോള്‍ രണ്ടെണ്ണമാണുള്ളത്. ചാത്തന്‍, നന്ദു, രവീന്ദ്രന്‍, ബാലന്‍ എന്നീ നാല് ചോലനായ്ക്കര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുമുണ്ട്,' 'തന്തപ്പേരി'ല്‍ പൂമാല എന്ന വില്ലനെ അവതരിപ്പിച്ച അയ്യപ്പന്‍ പറഞ്ഞു.
ഇന്നിപ്പോള്‍, നായകനും വില്ലനുമായി തന്നെ ചോലനായ്ക്കര്‍ വെള്ളിത്തിരയിലും തകര്‍ത്തഭിനയിച്ചിരിക്കുന്നു. 'സിനിമ ആദ്യം പ്രയാസമായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞശേഷമാണ് അഭിനയം ഒന്ന് ശരിയായത്,' 17-കാരനായ ബിജേഷ് പുഞ്ചിരിയോടെ പറഞ്ഞു.
തങ്ങളുടെ ഗോത്രത്തിന്റെ കഥ പറയുന്ന തന്തപ്പേര് സിനിമയ്ക്ക് ഐഎഫ്എഫ്‌കെയില്‍ ലഭിച്ച മികച്ച പ്രതികരണത്തിന്റെ ആഹ്ലാദത്തിലാണ് നാല് പേരും.
'പുറംലോകത്തിന് ഞങ്ങളുടെ ജീവിതം അടുത്തറിയാന്‍ സിനിമ കാരണമാകും. പുറത്തു നിന്നുള്ളവര്‍ക്ക് വേണ്ടതല്ല ഞങ്ങള്‍ക്ക് വേണ്ടത് എന്ന യാഥാര്‍ഥ്യത്തിലേക്ക് സിനിമ ആളുകളെ കൊണ്ടുവരും,' നഗരത്തിന്റെ പകിട്ടിനെയും പളപളപ്പിനെയും നിസ്സംഗതയോടെ നോക്കി മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് വെള്ളകരിയന്‍ പറഞ്ഞു.
തന്തപ്പേര് ഡിസംബര്‍ 16, 17 തീയതികളിലും മേളയില്‍ പ്രദര്‍ശിപ്പിക്കും.