ആറാം ദിവസം 'സംസാര' മുതല്‍ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ' വരെ

രാജ്യാന്തര ചലച്ചിത്രമേളയുടെ ആറാം ദിനത്തില്‍ (ബുധനാഴ്ച്ച) 11 തീയേറ്ററുകളിലെ 16 സ്‌ക്രീനുകളില്‍ 72 ചിത്രങ്ങള്‍ വിരുന്നാകും. ഇതില്‍ നേരത്തെ സെന്‍സര്‍ ഇളവ് നിഷേധിച്ച ആറ് ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു;

Update: 2025-12-16 14:00 GMT

ലോക സിനിമ വിഭാഗത്തില്‍ 26 ചിത്രങ്ങളും, കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍-7, അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍-6, ഫെസ്റ്റിവല്‍ ഫേവറിറ്റ് വിഭാഗത്തില്‍-5, മലയാളം സിനിമ ടുഡേ വിഭാഗത്തില്‍-4, ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ്, ഇന്ത്യന്‍ സിനിമ നൗ എന്നീ വിഭാഗങ്ങളില്‍ -3, ഫീമെയില്‍ ഫോക്കസ്, ലാറ്റിന്‍ അമേരിക്കന്‍ മൂവി, സുവര്‍ണചകോരം ഫിലിംസ്, കണ്‍ട്രി ഫോക്കസ് എന്നീ വിഭാഗങ്ങളില്‍ നിന്ന് രണ്ടു ചിത്രങ്ങള്‍ വീതവും ലൈഫ് ടൈം അച്ചീവ്മെന്റ്, ഋത്വിക് ഘട്ടക്ക് റെട്രോസ്പെക്റ്റിവ് തുടങ്ങി മറ്റു വിഭാഗങ്ങളില്‍ നിന്നും ഓരോ ചിത്രങ്ങള്‍ വീതവുമാണ് ആറാം ദിനം പ്രദര്‍ശിപ്പിക്കുക.

ഗാരിന്‍ നുഗ്രോഹോ സംവിധാനം ചെയ്ത, 1930കളിലെ ബാലി പശ്ചാത്തലമാക്കിയ 'സംസാര'യുടെ ആദ്യ പ്രദര്‍ശനം ഇന്ന് (ബുധന്‍) 3:15ന് ശ്രീ തിയറ്ററില്‍ ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ നടക്കും. അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളായ 'വിസ്‌പേഴ്‌സ് ഇന്‍ ഡബ്ബാസ്' ഏരീസ് പ്ലക്സിലും 'ബേര്‍ഡ്മാന്‍ ടെയ്ല്‍' അജന്തയിലും പ്രദര്‍ശനത്തിനുണ്ട്.

കല, ജീവിതം, വര്‍ഗസമരം, അഴിമതി, വിഭജനം എന്നിവ ചര്‍ച്ച ചെയ്യുന്ന ഋത്വിക് ഘട്ടക്ക് ചിത്രം 'കോമള്‍ ഗന്ധാര്‍' (1961) റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ മൂന്നില്‍ വൈകുന്നേരം 3.30ന് പ്രദര്‍ശിപ്പിക്കും.

പലസ്തീന്‍ പാക്കേജിലെ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ' ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ രണ്ടില്‍ രാത്രി 8.30നും പലസ്തീന്‍ ബാലന്റെ കഥ പറയുന്ന ഷായ്കര്‍മ്മേലി പൊള്ളാക്കിന്റെ ഇസ്രയേലി ചിത്രം 'ദി സീ' ശ്രീ തിയറ്ററില്‍ വൈകിട്ട് 6:15ന് പലസ്തീന്‍ ഫിലിം വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും.

ആനിമേഷന്‍ ഫിലിം വിഭാഗത്തില്‍ 'അല്ലാഹ് ഈസ് നോട്ട് ഒബ്ലൈജ്ഡ്' എന്ന ഫ്രാന്‍സ്-ഗിനിയ ചിത്രവും പാസ്റ്റ് ലൈഫ് അച്ചീവ്‌മെന്റ് വിഭാഗത്തില്‍ ഇറാനിയന്‍ നവതരംഗ സിനിമയ്ക്ക് ശക്തമായ അടിത്തറ നല്‍കിയ ദാരിയുഷ് മെഹര്‍ജുയിയുടെ 'ലൈല'യും, രാജീവ്‌നാഥിന്റെ ദേശീയ അവാര്‍ഡ് ചിത്രം 'ജനനി'യും പ്രദര്‍ശിപ്പിക്കും.

മുന്‍ വര്‍ഷങ്ങളില്‍ സുവര്‍ണചകോരം നേടിയ മൊറോക്കന്‍ ക്രൈം ഡ്രാമ 'അലി സോവ: പ്രിന്‍സ് ഓഫ് ദി സ്ട്രീറ്റ്സ്' നിള തീയേറ്ററില്‍ വൈകിട്ട് 6.15നും മെക്‌സിക്കന്‍ ചിത്രം 'പാര്‍ക്കി വിയ' ന്യൂ തീയേറ്ററിലെ മൂന്നാം സ്‌ക്രീനിലും പ്രദര്‍ശിപ്പിക്കും.

അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ തന്തപ്പേര്, ദി എല്‍ഷ്യന്‍ ഫീല്‍ഡ്, മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പെണ്ണും പൊറാട്ടും, കാത്തിരിപ്പ്, ഒരു അപസര്‍പ്പക കഥ, എബ്ബ് എന്നിവയും ഫെസ്റ്റിവല്‍ ഫേവറൈറ്റ് ചിത്രങ്ങളായ ദി പ്രസിഡന്റ്‌സ് കേക്ക്, ബുഗോണിയ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

പ്രശസ്ത വിയറ്റ്‌നാം ചലച്ചിത്രകാരനും ജൂറി അംഗവുമായ ബൂയി താക് ചുയെന്‍ പങ്കെടുക്കുന്ന സംഭാഷണം ഉച്ച 2.30ന് നിള തിയേറ്ററില്‍ നടക്കും.

IFFK 2025
Kerala Chalachithra Academy
Posted By on16 Dec 2025 7:30 PM IST
ratings
Tags:    

Similar News