സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ചലച്ചിത്ര വഴികള്‍ പങ്കുവച്ച് സംവിധായകര്‍
ചലച്ചിത്ര അനുഭവങ്ങളുടെ തുറന്ന ചര്‍ച്ചയ്ക്കു വേദിയായി മീറ്റ് ദി ഡയറക്ടെര്‍സ്;
തിരുവനന്തപുരം : സിനിമ എന്ന സ്വപ്‌നം, അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍... ചലച്ചിത്ര വഴികളിലൂടെയുള്ള തങ്ങളുടെ യാത്ര സംവിധായകര്‍ പങ്കുവെച്ചപ്പോള്‍ വേദിക്ക് അത് നവ്യാനുഭവമായി.
30-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയോട് അനുബന്ധിച്ചു ടാഗോര്‍ തീയേറ്റര്‍ ക്യാമ്പസില്‍ നടന്ന മീറ്റ് ദി ഡയറക്ടര്‍ സെഷനിലാണ് സംവിധായകര്‍ അവരുടെ സിനിമയുടെ അണിയറ പ്രവര്‍ത്തനത്തെ പറ്റിയും, സാമ്പത്തിക വശങ്ങളെ പറ്റിയും മനസ് തുറന്നത്.
ചോലനായ്ക്കര്‍ എന്ന ഏഷ്യയില്‍ അവശേഷിക്കുന്ന ഗുഹാവാസികളെ കൊണ്ട് ഉണ്ണികൃഷ്ണന്‍ ആവള ചിത്രീകരിച്ച 'തന്തപ്പേര്' കേരളത്തിലെ ആദിവാസി ഗോത്രത്തെ എങ്ങനെയാണ് അടിയന്തരാവസ്ഥ ബാധിച്ചതെന്ന് അഭ്രപാളിയിലൂടെ അനുവാചകരുടെ മുമ്പിലെത്തിക്കുന്നു. കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടായിട്ടും സ്വന്തം സമൂഹത്തില്‍ നിന്നും സ്ത്രീകളെ ലഭിക്കാതെ പോകുന്ന ഒരു ജനതയുടെ കഥയാണ് സിനിമ.
തന്റെ മുമ്പില്‍ പോലും നില്‍ക്കാന്‍ താത്പര്യമില്ലാത്തവരെ ക്യാമറയുടെ മുമ്പില്‍ കൊണ്ട് വന്നു, അവരെ കഥാപാത്രങ്ങളാക്കി, അവരിലൂടെ ഒരു സിനിമ നിര്‍മിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടി വന്നത് ആറ് വര്‍ഷമാണെന്നും ഉണ്ണികൃഷ്ണന്‍ ആവള പറഞ്ഞു.
ഒരുപാട് സമയം എടുത്തു ചിത്രം നിര്‍മിച്ചുവെങ്കിലും, സിനിമ എടുക്കണം എന്ന ലക്ഷ്യം മാത്രമേ തനിക്കു ഉണ്ടായിരുന്നുള്ളു എന്ന് 'മിറാഷ്' സംവിധനം ചെയ്ത ഇഷാന്‍ ഘോഷ് പറഞ്ഞു. കുട്ടുകാരോട് കൂടി, ചെറിയ സോണി ക്യാമറയുമായി ചിത്രം നിര്‍മിക്കാന്‍ ഇറങ്ങിയപ്പോള്‍ ലഭിച്ച വിമര്‍ശനത്തെ പറ്റിയും, സ്‌ക്രിപ്റ്റ് ഇല്ലാതെ സിനിമ എടുക്കാന്‍ ഇറങ്ങിത്തിരിച്ച തന്റെ നാള്‍വഴികളെ കുറിച്ചും അദ്ദേഹം വിവരിച്ചു.
നാടക സംവിധായികയും എഴുത്തുകാരിയുമായ മിനി ഐ. ജി. തന്റെ ചിത്രമായ 'ആദി സ്‌നേഹത്തിന്റെ വിരുന്നുമേശയില്‍' ഇന്നത്തെ കാലത്തെ സാമൂഹിക ബന്ധങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. നിര്‍മാതാവ് ഇല്ലാത്തതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചിത്രം നിര്‍മ്മിക്കുകയായിരുന്നുവെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ പലരും പ്രതിഫലം വാങ്ങിയില്ലെന്നും സംവിധായിക പറഞ്ഞു.
ഡെലിഗേറ്റായി ഐഎഫ്എഫ്‌കെയില്‍ തുടര്‍ച്ചയായി വരുമ്പോള്‍ മുതലുള്ള സ്വപ്‌നമാണ് ഒരുനാള്‍ തന്റെ സിനിമയും ഇവിടെ ചിത്രീകരിക്കണമെന്നതും...അവര്‍ വെളിപ്പെടുത്തി.
രാജേഷ് മാധവന്റെ ആദ്യ സംവിധാനത്തില്‍ പിറന്ന 'പെണ്ണും പൊറാട്ടും' ഒരുപാട് പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട ചിത്രമാണ്. ഡയലോഗ് എഴുതാത്തതിനാലും, ചിത്രത്തിലെ ശബ്ദം സീനിനോടൊപ്പം എടുത്തതിനാലും ഇതില്‍ ഡബ്ബിങ് സാധ്യമല്ല എന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.
'അന്യരുടെ ആകാശങ്ങള്‍' എന്ന ചിത്രം അതിന്റെ പ്രമേയം കൊണ്ട് മാത്രമാണ് താന്‍ സംവിധാനം ചെയ്തതെന്ന് ശ്രീകുമാര്‍ കെ. പറഞ്ഞു. എന്തിന് ഈ സിനിമ എടുക്കണം എന്ന തന്റെ തന്നെ ചോദ്യത്തിന് ഉത്തരം ലഭിച്ചത് സെന്‍സര്‍ ബോര്‍ഡിന്റ മുന്നില്‍ ഈ സിനിമ എത്തിയപ്പോഴാണെന്നും അദ്ദേഹം വിവരിച്ചു.
കൊറോണ കാലത്തെ ജീവിതത്തില്‍ നിന്നും പിറന്ന 'ശേഷിപ്പ്' എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീജിത്ത് എസ്. കുമാറും, ഗ്രിറ്റോ വിന്‍സെന്റും പുതുമുഖ താരങ്ങളെ ചിത്രത്തിനായി ഉപയോഗിച്ചതിനാല്‍ ആദ്യ കാലങ്ങളില്‍ നിര്‍മാതാക്കളെ ലഭിക്കാത്തതിനെ പറ്റിയുമാണ് സംസാരിച്ചത്.
ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ബാലു കിരിയത്ത് മോഡറേറ്ററായ സെഷനില്‍ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ഷാഡോ ബോക്‌സിന്റെ സംവിധായകന്‍ സൗമ്യാനന്ദ സാഹിയും, ലാപ്തീന്‍ സംവിധാനം ചെയ്ത രവിശങ്കര്‍ കൗശിക്കും പങ്കെടുത്തു.