മലയാള സിനിമയുടെ ആഗോള കുതിപ്പ്; പനോരമ സ്റ്റുഡിയോസും ഫാര്‍സ് ഫിലിമും കൈകോര്‍ക്കുന്നു
റിലീസിനൊരുങ്ങുന്നത് 4 മലയാള സിനിമകള്‍
മലയാള സിനിമയുടെ ആഗോള സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പനോരമ സ്റ്റുഡിയോസ് തങ്ങളുടെ നാല് ചിത്രങ്ങളുടെ ഓവര്‍സീസ് വിതരണത്തിനായി പ്രമുഖ വിതരണക്കാരായ ഫാര്‍സ് ഫിലിമുമായി കരാറിലെത്തി. ലോകമെമ്പാടുമുള്ള പ്രധാന അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ മലയാള ചിത്രങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം.
ഫെബ്രുവരി 6-ന് റിലീസ് ചെയ്യുന്ന റഹ്‌മാന്‍, ഭാവന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'അനോമി' ആണ് ഈ കരാറിന് കീഴില്‍ ആദ്യം പുറത്തിറങ്ങുന്ന ചിത്രം. ഇതിന് പിന്നാലെ ഏപ്രില്‍ 2-ന് ആഗോളതലത്തില്‍ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 3' തീയേറ്ററുകളിലെത്തും. കൂടാതെ ആസിഫ് അലി നായകനാകുന്ന 'ടിക്കി ടാക്ക', കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും കേന്ദ്രകഥാപാത്രങ്ങളായ പനോരമ സ്റ്റുഡിയോസിന്റെ 'പ്രൊഡക്ഷന്‍ നമ്പര്‍ 3' എന്നീ ചിത്രങ്ങളും ഫാര്‍സ് ഫിലിം വിതരണത്തിനെടുത്തിട്ടുണ്ട്.
അഹമ്മദ് ഗോള്‍ചിന്‍ സ്ഥാപിച്ച ഫാര്‍സ് ഫിലിം, ഈ നാല് ചിത്രങ്ങളുടെയും വിദേശത്തുള്ള വിതരണവും പ്രദര്‍ശനവും പൂര്‍ണ്ണമായും നിയന്ത്രിക്കും. ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ വിതരണ രംഗത്തെ തങ്ങളുടെ വലിയ ശൃംഖല ഉപയോഗിച്ച് മലയാള സിനിമയെ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്.
'മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വലിയ പ്രാധാന്യമുണ്ട്. കഥയ്ക്കും കഴിവുള്ള താരങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഞങ്ങളുടെ സിനിമകള്‍ക്ക് ഫാര്‍സ് ഫിലിമിന്റെ വിതരണ കരുത്ത് വലിയ മുതല്‍ക്കൂട്ടാകും', പനോരമ സ്റ്റുഡിയോസ് ചെയര്‍മാന്‍ കുമാര്‍ മംഗത് പഥക് പറയുകയുണ്ടായി.
ഈ കരാറിലെ ഏറ്റവും ശ്രദ്ധേയമായ സിനിമ മോഹന്‍ലാല്‍ നായകനാകുന്ന 'ദൃശ്യം 3' ആണ്. മലയാളത്തിലെ ഏറ്റവും വലിയ ത്രില്ലര്‍ ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യ'ത്തിന് വിദേശ രാജ്യങ്ങളില്‍ വലിയ ആരാധകവൃന്ദമുണ്ട്. ഫാര്‍സ് ഫിലിമുമായുള്ള സഹകരണം 'ദൃശ്യം 3'-ന് വലിയ ബോക്‌സ് ഓഫീസ് മുന്നേറ്റം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
''പനോരമ സ്റ്റുഡിയോസ് സ്ഥിരമായി ഉയര്‍ന്ന നിലവാരമുള്ളതും ഉള്ളടക്ക സമ്പന്നവുമായ ഇന്ത്യന്‍ സിനിമകള്‍ അന്താരാഷ്ട്ര തലത്തില്‍ മികച്ച രീതിയില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. വൈവിധ്യമാര്‍ന്നതും ശക്തവുമായ ഈ യാത്രയില്‍ അവരുമായി സഹകരിക്കുന്നതിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് അര്‍ത്ഥവത്തായതും ഫലപ്രദവുമായ രീതിയില്‍ അവ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലും ഞങ്ങള്‍ ആവേശഭരിതരാണ്', അഹമ്മദ് ഗോള്‍ചിന്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ സിനിമകള്‍ക്കായി ശക്തമായ ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിലേക്കുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു ചുവടുവെപ്പായാണ് ഇരു കമ്പനികളും ഈ പങ്കാളിത്തത്തെ നോക്കിക്കാണുന്നത്.