മമ്മൂട്ടി ചിത്രത്തിനൊപ്പം റിലീസിന് ഒരുങ്ങി ഇന്ദ്രജിത്തിന്റെ ധീരം മൂവിയും
ഡിസംബർ 5 മമ്മൂട്ടിയുടെ കളങ്കാവലിനൊപ്പം ഇന്ദ്രജിത്ത് നായകൻ ആയ ധീരം മൂവിയും റിലീസ് ചെയ്യുന്നു;
ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിലെത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ധീര'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരിൽ വലിയ ആകാംഷയും ദുരൂഹതയും ജനിപ്പിക്കുന്ന രംഗങ്ങളടങ്ങിയ ട്രെയിലർ, സിനിമ ഒരു ആക്ഷൻ സസ്പെൻസ് ത്രില്ലറാണെന്ന് ഉറപ്പുനൽകുന്നു.
ഡ്രീംബിഗ് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
തിരുവനന്തപുരത്ത് നടന്ന ട്രെയിലർ ലോഞ്ച് പരിപാടിയിൽ, പൊതുജനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മൂന്ന് പേരാണ് ട്രെയിലർ പുറത്തിറക്കിയത്. ഒരു കൊലപാതകിയുടെ പിന്നാലെ പോകുന്ന പോലീസ് ഉദ്യോഗസ്ഥന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനെ കൂടാതെ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് 'ധീരം' നിർമിക്കുന്നത്.