അതിജീവനത്തിന്റെ തീവ്രഭാവവുമായി 'ലാപ്തീന്‍
ഐടി ജോലിയ്ക്ക് അവധി കൊടുത്ത് സിനിമയെന്ന സ്വപ്‌നത്തെ എത്തിപ്പിടിച്ച് സംവിധായകന്‍ രവി ശങ്കര്‍ കൗശിക്;
30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 'ഇന്ത്യന്‍ സിനിമ നൗ' വിഭാഗത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് രവി ശങ്കര്‍ കൗശിക് രചനയും സംവിധാനവും നിര്‍വഹിച്ച ഹിന്ദി സിനിമ 'ലാപ്തീന്‍' (ഫ്‌ലേംസ്). ഐ.ടി എഞ്ചിനീയര്‍ എന്ന ജോലി ഉപേക്ഷിച്ച്, സ്ഥാപനത്തില്‍ നിന്ന് അവധിയെടുത്ത് മൂന്ന് വര്‍ഷം കൊണ്ടാണ് കൗശിക് തന്റെ ആദ്യ ഫീച്ചര്‍ ചിത്രം പൂര്‍ത്തിയാക്കിയത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബവും അതിജീവനവും പറയുന്ന ചിത്രം
കുടുംബത്തില്‍ അവശേഷിക്കുന്നവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന, സംസാര ശേഷിയില്ലാത്ത ഒരു കുടിയേറ്റ കര്‍ഷകത്തൊഴിലാളിയുടെ കഥ പറയുന്ന അതിജീവനസ്വഭാവമുള്ള ത്രില്ലറാണ് ഫ്‌ലേംസ്. രക്ഷാകര്‍തൃത്വം, അതിജീവനം, പ്രതികാരം എന്നിവയുടെ അതിര്‍വരമ്പുകള്‍ തേടുകയാണ് സിനിമയെന്ന് രവി ശങ്കര്‍ കൗശിക് പറയുന്നു.
താന്‍ അച്ഛനായപ്പോള്‍ മനസ്സിലുണ്ടായ ചിന്തകളും, ഒരു സംരക്ഷകനെന്ന നിലയില്‍ തന്റെ പങ്ക് എത്രത്തോളമാണെന്ന തിരിച്ചറിവുമാണ് 'ലാപ്തീനി'ന്റെ പിറവിക്ക് പ്രചോദനമായത്. ഹരിയാനയുടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം, ആ പ്രദേശത്ത് ഇന്നും നിലനില്‍ക്കുന്ന ജാതിവിവേചനത്തെയും സാമൂഹിക വെല്ലുവിളികളെയും അടയാളപ്പെടുത്തുകയാണ്. ഹരിയാന സ്വദേശിയായതുകൊണ്ട്, തനിക്ക് പരിചിതമായ ലോകത്ത് നിന്നുകൊണ്ട് കഥ പറയാനും അവിടുത്തെ സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍ ഒപ്പിയെടുക്കാനും സാധിച്ചു.
സിനിമ എന്ന 'പുഴു'
സിനിമ എന്ന 'പുഴു' ഒരാളെ കടിച്ചാല്‍ പിന്നെ അതിന് ചികിത്സയില്ല. സിനിമയെടുക്കാതിരുന്നാലും സമാധാനമുണ്ടാകില്ല, കൗശിക് തന്റെ സിനിമാ അഭിനിവേശത്തെക്കുറിച്ച് പറഞ്ഞു.
ജോലിയുടെ ഇടവേളകളില്‍ അവധിയെടുത്താണ് കൗശിക് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. വാരാന്ത്യങ്ങളിലും രാത്രി 1 മണി മുതല്‍ 4 മണി വരെ നീണ്ട എഡിറ്റിംഗ് സെഷനുകളിലൂടെയുമാണ് ചിത്രം തയാറാക്കി.
'ഇതൊരു സാധാരണ സിനിമയല്ല. ടീമിന്റെ പിന്തുണയും എന്റെ ഭാര്യയും നിര്‍മ്മാതാവുമായ രാഷി അഗര്‍വാളിന്റെ സഹായവും കൊണ്ടാണ് ഈ യാത്ര സാധ്യമായത്,' കൗശിക് പറഞ്ഞു.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അറിയപ്പെടുന്ന നടനായ വിക്രം കൊച്ചാര്‍ ആണ്. ബാക്കി എല്ലാ അഭിനേതാക്കളെയും ചിത്രീകരണം നടന്ന ഹരിയാനയിലെ ജറ്റോളി, ലോഹരി എന്നീ ഗ്രാമങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്.
തന്റെ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതും സന്തോഷം നല്‍കുന്നതുമാണെന്ന് കൗശിക് പറഞ്ഞു. ഇതിനുമുമ്പ് 'ചുരേ റാണി' എന്നൊരു ഹ്രസ്വചിത്രം കൗശിക് സംവിധാനം ചെയ്തിട്ടുണ്ട്. നിലവില്‍ 'ചായ് പട്ടി' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് രവി ശങ്കര്‍ കൗശിക്.