തെന്നിന്ത്യന്‍ താരറാണിയാകാന്‍ മമിത; തമിഴില്‍ നായികയായി ഒരുങ്ങുന്നത് ഒട്ടേറെ സിനിമകള്‍
ഏറെ പക്വമായി തനിക്ക് ലഭിച്ച വേഷം മമിത കൈകാര്യം ചെയ്തിട്ടുണ്ട്. കോമഡിയും ഇമോഷനുമൊക്കെ അനായാസമായി ചിത്രത്തില്‍ താരം ചെയ്തിട്ടുണ്ട്.;
പ്രണയവും സൗഹൃദവും എല്ലാ തലമുറയ്ക്കും അനിര്‍വ്വചനീയമായൊരു കാര്യമാണ്. ജീവിതയാത്രയില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഇതിലൂടെയൊക്കെ പോയവരായിരിക്കും എല്ലാവരും. പ്രണയത്തിനും സൗഹൃദത്തിനും ഇടയില്‍ കുരുങ്ങിപ്പോകുന്ന അപൂര്‍വ്വം ചിലരെങ്കിലുമുണ്ട്. ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ കുരുങ്ങിപ്പോകുന്നവര്‍. പ്രദീപ് രംഗനാഥന്‍ നായകനായെത്തിയിരിക്കുന്ന 'ഡ്യൂഡ്' എന്ന സിനിമയില്‍ മമിത ബൈജു അവതരിപ്പിച്ചിരിക്കുന്ന കുരല്‍ എന്ന കഥാപാത്രം ഈയൊരവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ഒട്ടേറെ സിനിമകളില്‍ മുമ്പും ഇത്തരത്തിലുള്ള നായിക കഥാപാത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അവയില്‍ നിന്നൊക്കെ വ്യത്യസ്തമായി 'ഡ്യൂഡ്' എന്ന സിനിമയില്‍ മമിത അസാധ്യമായ അഭിയനമുഹൂര്‍ത്തങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മമിത ചിരിക്കുമ്പോള്‍ നമ്മളും ചിരിക്കും, കരയുമ്പോള്‍, മനമിടറുമ്പോള്‍ നമ്മുടെ തൊണ്ടയുമിടറും. ഒരു അഭിനേതാവ് വിജയിക്കുന്നത് അപ്പോഴാണ്. സ്‌ക്രീനില്‍ അവരുടെ അഭിനയം കണ്ട് പ്രേക്ഷകര്‍ക്കത് അനുഭവമായി മാറുമ്പോള്‍. മമിത അതില്‍ വിജയിച്ചിരിക്കുകയാണ്.
സൂപ്പര്‍ശരണ്യയും പ്രേമലുവും ഉള്‍പ്പെടെയുള്ള ഒട്ടേറെ സിനിമകളില്‍ നമ്മള്‍ മമിതയുടെ വേഷപ്പകര്‍ച്ചകള്‍ കണ്ടതാണ്. അതില്‍ നിന്നൊക്കെ വിഭിന്നമായി ഏറെ അഭിനായപ്രാധാന്യമുള്ളൊരു വേഷമാണ് ഡ്യൂഡിലേത്. ഏറെ പക്വമായി തനിക്ക് ലഭിച്ച വേഷം മമിത കൈകാര്യം ചെയ്തിട്ടുണ്ട്. കോമഡിയും ഇമോഷനുമൊക്കെ അനായാസമായി ചിത്രത്തില്‍ താരം ചെയ്തിട്ടുണ്ട്. തെന്നിന്ത്യയിലാകെ കൈ നിറയെ സിനിമകളുമായി മമിത ബൈജു ഇപ്പോള്‍ തെന്നിന്ത്യന്‍ താരറാണിയാകാനായി ഒരുങ്ങുകയാണ്. 'ഡ്യൂഡ്' സിനിമയ്ക്ക് പിന്നാലെ ജനനായകന്‍, സൂര്യ 46, ഡി 54... തുടങ്ങിയ സിനിമകളിലും നായികയായെത്താനൊരുങ്ങുകയാണ് മമിത.
റൊമാന്‍സിന് റൊമാന്‍സ്, ആക്ഷന് ആക്ഷന്‍, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷന്‍ എല്ലാം കൊണ്ടും ഒരു ടോട്ടല്‍ യൂത്ത് കാര്‍ണിവല്‍ തന്നെയായി തിയേറ്ററുകളില്‍ ഏവരും ഏറ്റെടുത്തിരിക്കുകയാണ് 'ഡ്യൂഡ്'. ലവ് ടുഡേ, ഡ്രാഗണ്‍ സിനിമകളിലൂടെ തമിഴിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ പ്രദീപ് രംഗനാഥന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്യൂഡ് കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. പ്രദീപിന്റെ മുന്‍ സൂപ്പര്‍ ഹിറ്റ് സിനിമകളായ 'ലവ് ടുഡേ', 'ഡ്രാഗണ്‍' തുടങ്ങിയവയും കേരളത്തില്‍ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് തന്നെയായിരുന്നു. ചിത്രത്തില്‍ രസകരമായൊരു വേഷത്തില്‍ ശരത് കുമാറും മികവ് പുലര്‍ത്തിയിട്ടുണ്ട്.
സായ് അഭ്യങ്കര്‍ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ മനം കവരുന്നതാണ്. കീര്‍ത്തീശ്വരന്‍ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് കേരള ഡിസ്ട്രിബ്യൂഷന്‍. ആര്‍ ശരത് കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്.