മോഹ സിനിമ എടുത്തപ്പോളുള്ള സാമ്പത്തിക പ്രയാസങ്ങള്‍ വിവരിച്ച് 'മീറ്റ് ദ ഡയറക്ടര്‍'
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ലൈംഗിക ആഗ്രഹങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന 'ദി സീക്രട്ട് ഓഫ് ദ മൗണ്ടന്‍ സര്‍പന്റ്' എന്ന തന്റെ ചിത്രത്തെക്കുറിച്ചാണ് നിധി സക്‌സേന വിശദീകരിച്ചത്.;
സിനിമ എന്ന മോഹത്തില്‍ കാലെടുത്തു വെച്ചപ്പോള്‍ പണം തടസ്സമായതും നന്നായി പ്രയാസപ്പെട്ട് അതിന് പരിഹാരം കണ്ടതുമായ അനുഭവങ്ങളാണ് ചൊവ്വാഴ്ച മേളയിലെ 'മീറ്റ് ദ ഡയറക്ടര്‍' സെഷന്‍ പങ്കുവെച്ചത്. റിനോഷന്‍ കെ (ദി കോഫിന്‍), വിഷ്ണു കെ ബീന (ചാവ് കല്യാണം), മഹാരിഷി തുഹിന്‍ കശ്യപ് (കൊക് കൊക് കൊകോക്), നിധി സക്‌സേന (ദി സീക്രട്ട് ഓഫ് ദ മൗണ്ടന്‍ സര്‍പന്റ്), ഫാസില്‍ റസാഖ് (മോഹം) എന്നിവര്‍ പങ്കെടുത്തു.
റിനോഷന്‍ വിവാഹബന്ധത്തിലെ തകരാറുകളും ദമ്പതികള്‍ പങ്കിടുന്ന മാനസിക ആഘാതങ്ങളും അവതരിപ്പിക്കുന്ന തന്റെ ചിത്രം 'ദി കോഫിന്‍' സംബന്ധിച്ച അനുഭവങ്ങള്‍ വിവരിച്ചു. വെറും 2 ലക്ഷം-2.2 ലക്ഷം രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. നിരവധി സാങ്കേതിക പ്രവര്‍ത്തകര്‍ പ്രതിഫലം വാങ്ങാതെ പ്രവര്‍ത്തിച്ചുവെന്നും നല്ല സിനിമകള്‍ നിര്‍മ്മിക്കണമെന്ന കൂട്ടായ മനസ്സാണ് ടീമിനെ ഒന്നിച്ചുനിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അസമീസ് ചിത്രം കൊക് കൊക് കൊകോക് സംവിധാനം ചെയ്ത മഹാരിഷി തുഹിന്‍ കശ്യപ്, വിദ്യാര്‍ത്ഥിയായ തനിക് സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ച 13 ലക്ഷം രൂപയുടെ ഗ്രാന്റ് ഉപയോഗിച്ചാണ് ചിത്രം നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കി. 62 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിരവധി രസകരവും വെല്ലുവിളിയേറിയതുമായ അനുഭവങ്ങള്‍ ഉണ്ടായി. കഥയിലെ പ്രധാന കഥാപാത്രമായ കോഴിയെ പരിശീലിപ്പിച്ചതടക്കം വെല്ലുവിളികള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു.
കുടുംബാംഗങ്ങളില്‍ നിന്നുള്ള ധനസഹായത്തോടെയാണ് 'ചാവ് കല്യാണം' പിറന്നതെന്ന് വിഷ്ണു കെ ബീന പറഞ്ഞു. അഭിനയ പരിചയമില്ലാത്ത പുതുമുഖങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും. മരണത്തിന്റെ ആഘോഷം എന്നര്‍ത്ഥമുള്ള 'ചാവ് കല്യാണം' എന്ന പേര് കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള പ്രയോഗമാണ്.
എ56 ക്യാമറയില്‍ വെറും 15 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'മോഹം' നിരവധി നിര്‍മ്മാണ പ്രതിസന്ധികള്‍ നേരിട്ടെങ്കിലും ശക്തമായ പ്രതിബദ്ധത ചിത്രത്തെ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നെന്ന് ഫാസില്‍ റസാഖ് പറഞ്ഞു.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ലൈംഗിക ആഗ്രഹങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന 'ദി സീക്രട്ട് ഓഫ് ദ മൗണ്ടന്‍ സര്‍പന്റ്' എന്ന തന്റെ ചിത്രത്തെക്കുറിച്ചാണ് നിധി സക്‌സേന വിശദീകരിച്ചത്. വെനീസ് ബിനാലെ കോളേജ് ഓഫ് സിനിമയില്‍ നിന്ന് 1.18 കോടി രൂപയുടെ ഗ്രാന്റ് ലഭിച്ച ചിത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. വെറും 10 മാസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കേണ്ടി വന്നത് വെല്ലുവിളിയായിരുന്നെന്ന് നിധി പറഞ്ഞു. ബാലു കിരിയത്ത്, മീര സാഹിബ് എന്നിവര്‍ മോഡറേറ്ററായിരുന്നു.
മേളയിലെ 19 സിനിമകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെന്‍സര്‍ഷിപ്പ് ഇളവ് നിഷേധിച്ചതില്‍ പാനലിസ്റ്റുകളും മോഡറേറ്റര്‍മാരും വിയോജിപ്പ് രേഖപ്പെടുത്തി.