പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥകളെ മാന്യതയോടെ സമീപിക്കണം: ഡോ. ബിജു

എന്റെ കഥാപാത്രങ്ങളെ ഞാന്‍ എല്ലായ്‌പ്പോഴും മിനിമലിസ്റ്റിക് രീതിയിലാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തില്‍, കഥാപാത്രങ്ങള്‍ അവരുടെ പരിസരങ്ങളാലും ചരിത്രത്താലും ബന്ധിതരാണ്. ഭൂമിശാസ്ത്രപരവും സാംസ്‌കാരികപരവുമായ ആഴത്തിലുള്ള ഗവേഷണങ്ങളിലൂടെ അവരെ വികസിപ്പിക്കുകയും, കഥയുടെ ആവശ്യകതയനുസരിച്ച് അവരുടെ സംഭാഷണങ്ങളും പെരുമാറ്റങ്ങളും രൂപപ്പെടുത്തുകയുമാണ് എന്റെ രീതി.;

Update: 2025-12-15 11:47 GMT

പാപോ ബുക്ക എന്ന ചലച്ചിത്രത്തിന്റെ പശ്ചാതലത്തില്‍ സംവിധായകന്‍ ഡോ. ബിജുകുമാര്‍ ദാമോദരനുമായുള്ള അഭിമുഖം

രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രം പറയാന്‍ പാപുവ ന്യൂ ഗിനിയിലെ സംഭവവികാസങ്ങള്‍ തിരഞ്ഞെടുത്തതില്‍ കാരണം?

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി നിരവധി ഇന്ത്യന്‍ സൈനികര്‍ പാപുവ ന്യൂ ഗിനിയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. അവരില്‍ പലരും അവിടെ പോരാടി വീരമൃത്യു വരിക്കുകയും, തിരിച്ചറിയപ്പെടാത്ത അവരുടെ മൃതദേഹങ്ങള്‍ സംരക്ഷിത സ്ഥലങ്ങളില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു. ലോകമഹായുദ്ധത്തിന്റെ ചരിത്രത്തിലെ അധികം അറിയപ്പെടാത്ത അധ്യായങ്ങളാണിവ. ചരിത്രത്തിന്റെ ഈ അവഗണിക്കപ്പെട്ട ഭാഗങ്ങള്‍ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സങ്കീര്‍ണ്ണവും വികാരഭരിതവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍, സംവിധായകനെന്ന നിലയില്‍ താങ്കളുടെ കഥപറച്ചിലിനോടുള്ള സമീപനം എങ്ങനെയാണ്?

എന്റെ കഥാപാത്രങ്ങളെ ഞാന്‍ എല്ലായ്‌പ്പോഴും മിനിമലിസ്റ്റിക് രീതിയിലാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തില്‍, കഥാപാത്രങ്ങള്‍ അവരുടെ പരിസരങ്ങളാലും ചരിത്രത്താലും ബന്ധിതരാണ്. ഭൂമിശാസ്ത്രപരവും സാംസ്‌കാരികപരവുമായ ആഴത്തിലുള്ള ഗവേഷണങ്ങളിലൂടെ അവരെ വികസിപ്പിക്കുകയും, കഥയുടെ ആവശ്യകതയനുസരിച്ച് അവരുടെ സംഭാഷണങ്ങളും പെരുമാറ്റങ്ങളും രൂപപ്പെടുത്തുകയുമാണ് എന്റെ രീതി.

താങ്കളുടെ മിക്ക ചിത്രങ്ങളിലും തനതുസംസ്‌കാരം മുറുകെപ്പിടിക്കുന്ന വ്യത്യസ്തരായ കഥാപാത്രങ്ങളെ കാണാം. അവയെ വികസിപ്പിക്കുന്നതിനുള്ള പ്രക്രിയ എന്താണ്?

ആഖ്യാനത്തിന്റെ സുതാര്യത ഉറപ്പാക്കാനാണ് തനതുസംസ്‌കാരം മുറുകെപ്പിടിക്കുന്ന കഥാപാത്രങ്ങളെ എന്റെ സിനിമകളില്‍ ഉള്‍പ്പെടുത്തുന്നത്. ഒരു സിനിമാക്കാരനെന്ന നിലയില്‍, യാതൊരു മുഖാവരണവുമില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. അവര്‍ കല്‍പ്പിത കഥാപാത്രങ്ങളായിരുന്നാലും അവര്‍ക്കെല്ലാം സ്വന്തമായ മാന്യതയുണ്ട്. ഒരു കാലത്ത് സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ കഥകള്‍ അപമാനകരമായ രീതിയില്‍ അവതരിപ്പിച്ചിരുന്ന പ്രവണത ഉണ്ടായിരുന്നു. അവരുടെ ജീവിതം, ജീവിതസാഹചര്യങ്ങള്‍, പരീക്ഷണങ്ങളും കഷ്ടപ്പാടുകളും മാന്യമായി അവതരിപ്പിക്കപ്പെടണം, കാരണം ഒടുവില്‍ നമ്മളെല്ലാം മനുഷ്യരാണ്.

സ്വകാര്യ അനുഭവങ്ങളും സാമൂഹിക വിമര്‍ശനവും നിങ്ങളുടെ ചിത്രങ്ങളില്‍ എങ്ങനെ സംയോജിപ്പിക്കുന്നു?

അത് മനഃപൂര്‍വമായ സമീപനമാണ്. എന്റെ സിനിമകളിലെ സാമൂഹിക വിമര്‍ശനം സമൂഹത്തോടുള്ള എന്റെ പ്രതിബദ്ധതയും ഉത്തരവാദിത്തവുമാണ്. വിനോദത്തിനോ സൗന്ദര്യശാസ്ത്രത്തിനോ ഉപരിയായി കലയുടെ സാമൂഹിക വശത്തിലാണ് ഞാന്‍ കൂടുതല്‍ വിശ്വസിക്കുന്നത്.

ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയിലെ സംവിധായകരോട് എന്താണ് പറയുന്നത്?

ഒരു സംവിധായകന് വേണ്ട ഏറ്റവും പ്രധാന മൂല്യം ആത്മവിശ്വാസമാണ്. നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തോട് ബഹുമാനം പുലര്‍ത്തിക്കൊണ്ട് നിങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുക, സിനിമയെ രാഷ്ട്രീയവും പരീക്ഷണാത്മകവുമായ സംരംഭങ്ങള്‍ക്ക് ഉപയോഗിക്കുക ഇതാണ് നല്ല ചലച്ചിത്രസൃഷ്ടിയുടെ വഴിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Dr. Biju
IFFK 2025
Posted By on15 Dec 2025 5:17 PM IST
ratings
Tags:    

Similar News