ചലച്ചിത്രങ്ങള്‍ സ്വീകരിക്കുന്നതിലെ സ്ഥിരതയാണ് ലോക ചലച്ചിത്രകാരരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്: ത്രിബനി റായ്
'രണ്ട് തലമുറകള്‍ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴും, ജീവിതത്തെ നേരിടുന്ന അവരുടെ രീതികള്‍ വ്യത്യസ്തമാണ്. ബിഷ്ണു ഗ്രാമം വിട്ടുപോകുമെന്ന് വ്യക്തമാണെങ്കിലും, അങ്ങനെ ഒരു ഉപദേശം മകളോട് പറയാന്‍ അമ്മയ്ക്ക് ധൈര്യം വേണം.';
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമകളെ സ്വീകരിക്കുന്ന സമീപനവും സ്ഥിരതയുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്രകാരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതെന്ന് 'ഷേപ്പ് ഓഫ് മോമോയുടെ' സംവിധായിക ത്രിബനി റായ്. സ്വതന്ത്ര സിനിമകളോടുള്ള മേളയുടെ തുറന്ന മനസ്സും ശക്തമായ ക്യൂറേഷനും മാറ്റമില്ലാതെ തുടരുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.
ഷേപ്പ് ഓഫ് മോമോ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു ശവസംസ്‌കാര ചടങ്ങിന്റെ പശ്ചാത്തലത്തിലാണ്. ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ജീവിതത്തിന്റെ ഒരു ചക്രം കറങ്ങി തീരുന്ന രീതിയിലായിരുന്നു ഈ സിനിമയെ കുറിച്ച് തുടക്കത്തില്‍ ആലോചിച്ചതെന്ന് റായ് പറഞ്ഞു.
'തന്റെ നേട്ടങ്ങള്‍ കൊണ്ട് ഗ്രാമത്തിലെ പുരുഷന്മാരുടെ ഇടയില്‍ അധികാരത്തോടെ ഇരിക്കുന്ന ബിഷ്ണുവിനെയാണ് ആദ്യ കാഴ്ചയില്‍ കാണുന്നത്. സമാനമായ ഒരു ദൃശ്യത്തോടെ സിനിമ അവസാനിപ്പിക്കണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ഒരു വനിത ഫുട്‌ബോള്‍ കളിക്കാരി അതേ നിലയില്‍ ഇരിക്കുകയും, ബിഷ്ണു അവര്‍ക്കു ചായ കൊണ്ടുവരികയും ചെയ്യുന്ന തരത്തില്‍. എന്നാല്‍ ഒടുവില്‍ ആ രീതിയില്‍ സിനിമ അവസാനിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു,' ത്രിബനി റായ് പറഞ്ഞു.
ബിഷ്ണുവും അമ്മയും തമ്മിലുള്ള ബന്ധത്തിനും സിനിമ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഗ്രാമത്തിലെ ഗോസിപ്പുകളും സാമൂഹിക വിധികളും അമ്മയ്ക്ക് നന്നായി അറിയാമെങ്കിലും, വിവാഹം ഒരു കുടുക്കാണെന്ന് പറഞ്ഞ് മകളോട് അത് വീണ്ടും ആലോചിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. തലമുറകളിലൂടെ രൂപപ്പെട്ട സ്വന്തം ആശയങ്ങളുള്ള വ്യക്തിയാണ് അമ്മയെന്ന് റായ് പറയുന്നു.
'രണ്ട് തലമുറകള്‍ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴും, ജീവിതത്തെ നേരിടുന്ന അവരുടെ രീതികള്‍ വ്യത്യസ്തമാണ്. ബിഷ്ണു ഗ്രാമം വിട്ടുപോകുമെന്ന് വ്യക്തമാണെങ്കിലും, അങ്ങനെ ഒരു ഉപദേശം മകളോട് പറയാന്‍ അമ്മയ്ക്ക് ധൈര്യം വേണം.'
ചിലപ്പോള്‍, മാതാപിതാക്കള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ മക്കള്‍ ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കാറുണ്ടെന്നും, തങ്ങള്‍ക്ക് ലഭിക്കാതെ പോയ അവസരങ്ങള്‍ മക്കള്‍ ഉപയോഗപ്പെടുത്തണമെന്ന ആഗ്രഹമാണതെന്നും റായ് കൂട്ടിച്ചേര്‍ത്തു. പടത്തിന്റെ മൂന്നാമത്തെ പ്രദര്‍ശനം ഡിസംബര്‍ 17ന് വൈകിട്ട് 3.15ന് ഏരീസ്പ്ലെക്‌സ് സ്‌ക്രീന്‍ 6-ല്‍ നടക്കും.