വിജയ് നായകനാകുന്ന ജനനായകൻ എന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ചെല്ല മകളേ എന്ന ഗാനം ലിറിക്കൽ വീഡിയോ ആയാണ് എത്തിയിരിക്കുന്നത്. അനിരുദ്ധ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്. വിവേകിന്റേതാണ് വരികൾ. ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.അച്ഛൻ-മകൾ ബന്ധം വർണിക്കുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന്റെ ഏറ്റവും ഒടുവിൽ വിജയ് കരയുന്ന ഒരു ഭാഗം ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ടി-സീരീസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനത്തിന് കമന്റായി വന്നിരിക്കുന്നതിൽ ഏറെയും ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ളതാണ്. നേരത്തേ പുറത്തുവന്ന ദളപതി കച്ചേരി, ഒരു പേരേ വരലാര് എന്നീ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.മുഴുവൻ സമയം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനുമുൻപ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ജനനായകൻ. ജനനേതാ എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് നൽകിയിരിക്കുന്ന പേര്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും.