ബോളിവുഡ് സിനിമാ സെറ്റുകളിലെ താരപ്പകിട്ടിനിടയിലുള്ള വിവേചനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മുതിർന്ന നടൻ ഗോവിന്ദ് നാംദേവ്

1992-ൽ ഷോല ഓർ ശബ്നം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗോവിന്ദ് നാംദേവ് വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്

Update: 2026-02-24 13:59 GMT

ബോളിവുഡ് സിനിമാ സെറ്റുകളിലെ താരപ്പകിട്ടിനിടയിലുള്ള വിവേചനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മുതിർന്ന നടൻ ഗോവിന്ദ് നാംദേവ്. ദ ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ വ്യവസായത്തിലെ ഭക്ഷണക്രമത്തിലും പെരുമാറ്റത്തിലുമുള്ള വിവേചനങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.സൂപ്പർ താരങ്ങൾക്കും മറ്റ് സഹനടീനടന്മാർക്കും സെറ്റുകളിൽ വ്യത്യസ്ത ഭക്ഷണമാണ് വിളമ്പുന്നതെന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പ്രതിഫലത്തിന് അനുസരിച്ചാണ് ഓരോരുത്തർക്കും ലഭിക്കുന്ന സൗകര്യങ്ങളും വാനിറ്റി വാനുകളും തീരുമാനിക്കപ്പെടുന്നതെന്നും ഗോവിന്ദ് പറയുന്നു.

മുതിർന്ന നടനാണെങ്കിലും ഉപദേശം ചോദിക്കാൻ സൂപ്പർ താരങ്ങൾ മടിക്കാറുണ്ട്. തങ്ങളേക്കാൾ താഴെയുള്ളവരോട് ഉപദേശം ചോദിക്കുന്നത് അഭിമാനക്ഷതമായി അവർ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവേചനങ്ങൾക്കിടയിലും എല്ലാവരെയും തുല്യമായി കാണുന്ന താരങ്ങളുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. OMG! ഒ മൈ ഗോഡ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തനിക്കും സംവിധായകനും ക്രൂവിനും ഒരേ ഭക്ഷണം തന്നെ വേണമെന്ന് അക്ഷയ് കുമാർ നിർബന്ധം പിടിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.‘സിനിമയിൽ വലുപ്പച്ചെറുപ്പങ്ങൾ വ്യക്തമാണ്. ഒരാൾക്ക് ലഭിക്കുന്ന ശമ്പളത്തിന് അനുസരിച്ചാണ് അവരുടെ വാനിറ്റി വാനിന്റെ വലുപ്പവും ഭക്ഷണത്തിന്റെ ഗുണനിലവാരവും തീരുമാനിക്കുന്നത്’- ഗോവിന്ദ് നാംദേവ് ഓർത്തു.

1992-ൽ ഷോല ഓർ ശബ്നം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗോവിന്ദ് നാംദേവ് വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സത്യ, വിരാസത്, ബന്ദിറ്റ് ക്വീൻ, വോണ്ടഡ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രമായ ഹരി ഹര വീര മല്ലു' ആണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

Similar News