'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ ചിദംബരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്ന് നടി മൊഴി നൽകിയിട്ടുണ്ട്
കൊച്ചി: മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്സി'ന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. ഒരു നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.ഭാരതീയ ന്യായസംഹിതയിലെ (BNS) 74, 75 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തുക, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.2022-ലാണ് കേസിനാസ്പദമായ സംഭവം.എളംകുളത്തെ ഫ്ളാറ്റിൽവെച്ചാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. ഫ്ളാറ്റിൽ അതിക്രമിച്ചുകയറിയ ചിദംബരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്.
നിലവിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംവിധായകനെ ഉടൻ തന്നെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തും. അന്വേഷണത്തിന്റെ ഭാഗമായി മൊഴികൾ വിശദമായി പരിശോധിച്ച ശേഷം അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം.