35 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ 'വാവച്ചനായി' തിളങ്ങി ബൈജു എഴുപുന്ന; 'കൂടോത്രം' വിജയകരമായി മുന്നേറുന്നു
ആറാം ക്ലാസ് മുതൽ സിനിമയെ സ്വപ്നം കണ്ടു തുടങ്ങിയ ബൈജു, പി.ജി. വിശ്വംഭരന്റെ ‘ഇരിക്കൂ എം.ഡി അകത്തുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്
കൊച്ചി: മലയാള സിനിമയിൽ 35 വർഷം പിന്നിടുന്ന നടൻ ബൈജു എഴുപുന്ന ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച് നായകനായെത്തിയ മിസ്റ്ററി ഡ്രാമ ‘കൂടോത്രം’ കുടുംബപ്രേക്ഷകർ ഏറ്റെടുക്കുന്നു. ഇടുക്കിയിലെ വെള്ളിമല എന്ന സാങ്കല്പിക ഗ്രാമത്തിലെ ‘വാവച്ചൻ’ എന്ന അച്ഛന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം 25-ാം ദിവസത്തിലേക്ക് കടക്കുകയാണ്.
വില്ലൻ വേഷങ്ങളിൽ നിന്ന് വാവച്ചനിലേക്ക്
തന്റെ മുന്നൂറാമത്തെ ചിത്രമായ കൂടോത്രത്തിലൂടെ ഒരു കരുത്തുറ്റ ക്യാരക്ടർ റോളിലാണ് ബൈജു പ്രത്യക്ഷപ്പെടുന്നത്. "വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങിപ്പോയ തനിക്ക്, അഭിനയശേഷി തെളിയിക്കാൻ ലഭിച്ച വലിയൊരു അവസരമാണിത്. എന്നെ വിശ്വസിച്ച് ഇത്തരമൊരു വേഷം തരാൻ ആരും തയ്യാറാവാത്തതുകൊണ്ടാണ് സ്വന്തമായി സിനിമ നിർമ്മിച്ച് സംവിധാനം ചെയ്യാൻ തീരുമാനിച്ചത്," ബൈജു എഴുപുന്ന പറയുന്നു.
വെല്ലുവിളികൾ നിറഞ്ഞ ചിത്രീകരണം
ഇടുക്കിയിലെ ദുർഘടമായ മലനിരകളിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗവും നടന്നത്. വാഹനങ്ങൾ എത്താത്ത മലമുകളിലേക്ക് ക്രെയിനും മറ്റ് സാമഗ്രികളും ചുമന്നെത്തിച്ചാണ് 45 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. അലൻസിയർ, സലിം കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് ഇടുക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അപ്പൻ നൽകിയ വലിയ അവാർഡ്
ആറാം ക്ലാസ് മുതൽ സിനിമയെ സ്വപ്നം കണ്ടു തുടങ്ങിയ ബൈജു, പി.ജി. വിശ്വംഭരന്റെ ‘ഇരിക്കൂ എം.ഡി അകത്തുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. മമ്മൂട്ടിയുടെ വലിയ ആരാധകനായ അദ്ദേഹം സിനിമാ പ്രേമം കാരണം സ്കൂൾ പഠനകാലത്ത് മനഃപൂർവ്വം പരീക്ഷയ്ക്ക് തോറ്റിട്ടുണ്ടെന്നും വെളിപ്പെടുത്തി. "നീ ഒരു നടനാണ്" എന്ന് സിനിമ കണ്ട ശേഷം അപ്പൻ പറഞ്ഞ വാക്കുകളാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ് എന്ന് ബൈജു വികാരാധീനനായി പങ്കുവെച്ചു.