തമിഴകത്തെ ഞെട്ടിച്ച വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി നടൻ വിജയ് രംഗത്ത്
തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും പരീക്ഷാ ഉദ്യോഗാർത്ഥികൾക്കായി തന്റെ എക്സ് (X) അക്കൗണ്ടിലൂടെയാണ് വിജയ് സന്ദേശം പങ്കുവെച്ചത്
തമിഴകത്തെ ഞെട്ടിച്ച വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി നടൻ വിജയ് രംഗത്ത്. എന്നാൽ വ്യക്തിപരമായ വിവാദങ്ങളെക്കുറിച്ച് മൗനം പാലിച്ച താരം, പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.
വിദ്യാർത്ഥികൾക്ക് ആവേശം പകർന്ന് എക്സ് പോസ്റ്റ്
തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും പരീക്ഷാ ഉദ്യോഗാർത്ഥികൾക്കായി തന്റെ എക്സ് (X) അക്കൗണ്ടിലൂടെയാണ് വിജയ് സന്ദേശം പങ്കുവെച്ചത്:
"തമിഴ്നാട്ടിലും പുതുച്ചേരിയിലും പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ എഴുതുന്ന എന്റെ പ്രിയപ്പെട്ട ഇളയ സഹോദരീസഹോദരന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ" എന്ന് അദ്ദേഹം തമിഴിൽ കുറിച്ചു.
ഭയമോ ഉത്കണ്ഠയോ കൂടാതെ പരീക്ഷയെ നേരിടണമെന്നും ഉന്നത വിദ്യാഭ്യാസത്തിൽ മികവ് പുലർത്തണമെന്നും താരം ആശംസിച്ചു.നല്ലത് മാത്രമേ സംഭവിക്കൂ, വിജയം ഉറപ്പാണ്" എന്ന വാക്കുകളോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
വിജയ്‌യും ഭാര്യ സംഗീതയും ഏറെ നാളായി പിരിഞ്ഞാണ് താമസമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ്, സംഗീത ചെങ്കൽപേട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി വിജയ് തന്റെ രാഷ്ട്രീയ പാർട്ടി പ്രവർത്തനങ്ങളുമായി സജീവമാകുന്നതിനിടെയാണ് ഈ വാർത്ത പുറത്തുവന്നത്.
വിവാഹമോചനത്തെക്കുറിച്ച് താരത്തിന്റെ ഔദ്യോഗിക പ്രതികരണത്തിനായി ആരാധകർ കാത്തിരുന്നെങ്കിലും, പരീക്ഷാ ആശംസകൾ നേർന്നതല്ലാതെ വ്യക്തിപരമായ കാര്യങ്ങളിൽ അദ്ദേഹം ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല.