നിതേഷ് തിവാരിയുടെ ‘രാമായണം’ ആഗോളതലത്തിലേക്ക്; ട്രെയിലർ ജൂലൈയിൽ അമേരിക്കയിൽ പുറത്തിറക്കും

രൺബീർ കപൂർ ശ്രീരാമനായി എത്തുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതയെ അവതരിപ്പിക്കുന്നത്. രാവണനായി തെന്നിന്ത്യൻ താരം യഷ് എത്തുമ്പോൾ ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു

Update: 2026-03-03 16:28 GMT

ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തെക്കുറിച്ചുള്ള പുത്തൻ വാർത്തകൾ പുറത്ത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഈ വർഷം ജൂലൈയിൽ അമേരിക്കയിൽ വെച്ച് നടത്താനാണ് അണിയറപ്രവർത്തകരുടെ നീക്കം. സാൻ ഡിയാഗോ കോമിക്-കോൺ (San Diego Comic-Con) പോലെയുള്ള അന്താരാഷ്ട്ര വേദികളിൽ ട്രെയിലർ പ്രദർശിപ്പിക്കുന്നതിലൂടെ ചിത്രത്തിന് ആഗോളതലത്തിൽ ശ്രദ്ധ നേടിക്കൊടുക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ലോസ് ഏഞ്ചൽസിൽ നടന്ന പ്രത്യേക സ്ക്രീനിംഗിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തീയറ്റർ റിലീസിന് മുൻപായി പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിക്കാനും നിർമ്മാതാവായ നമിത് മൽഹോത്രയും സംവിധായകൻ നിതേഷ് തിവാരിയും ആലോചിക്കുന്നുണ്ട്.

രൺബീർ കപൂർ ശ്രീരാമനായി എത്തുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതയെ അവതരിപ്പിക്കുന്നത്. രാവണനായി തെന്നിന്ത്യൻ താരം യഷ് എത്തുമ്പോൾ ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു. ഇതുകൂടാതെ അമിതാഭ് ബച്ചൻ, അനിൽ കപൂർ, ബോബി ഡിയോൾ, അരുൺ ഗോവിൽ, ലാറ ദത്ത തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ മേൽനോട്ടം വഹിക്കുമെന്ന വാർത്തകളും സിനിമാ പ്രേമികളിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്ക് തിയേറ്ററുകളിലെത്തും. രണ്ടാം ഭാഗം 2027 ദീപാവലി റിലീസായിട്ടായിരിക്കും പുറത്തിറങ്ങുക. എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Similar News