വിവാഹസമ്മാനമായി 44 സ്‌കൂളുകളിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവര് കൊണ്ടയും രശ്മിക മന്ദാനയും
ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടന്ന അതീവ രഹസ്യമായ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്
മലയാളികൾ ഉൾപ്പെടെയുള്ള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തെന്നിന്ത്യൻ താരജോഡികളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹവാർത്ത പുറത്തുവന്നു. ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടന്ന അതീവ രഹസ്യമായ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്. രണ്ട് വ്യത്യസ്ത ആചാരങ്ങളിലായി നടന്ന വിവാഹശേഷം കുടുംബപരമായ ചടങ്ങുകളുടെ തിരക്കിലായിരുന്നു താരദമ്പതികൾ. വിവാഹത്തിന് ശേഷമുള്ള ആദ്യ പൊതുചടങ്ങിനായി വിജയ് ദേവരകൊണ്ട തന്റെ ജന്മനാടായ തെലങ്കാനയിലെ തുമ്മൻപേട്ടയിൽ എത്തിയതോടെയാണ് ആരാധകർക്ക് ഈ സന്തോഷവാർത്ത സ്ഥിരീകരിക്കാനായത്.
ഗ്രാമത്തിൽ പുതുതായി നിർമിച്ച വീട്ടിൽ മാതാപിതാക്കൾക്കും രശ്മികയ്ക്കുമൊപ്പമാണ് വിജയ് എത്തിയത്. വൻ ആഘോഷങ്ങളോടെയാണ് ഗ്രാമവാസികൾ തങ്ങളുടെ പ്രിയതാരങ്ങളെ സ്വീകരിച്ചത്. പരമ്പരാഗതമായ ഗൃഹപ്രവേശന ചടങ്ങുകൾക്കും സത്യനാരായണ വ്രതപൂജയ്ക്കും ശേഷം ഗ്രാമവാസികളെ കാണാനായി താരങ്ങൾ വേദിയിലെത്തി. ഈ വേദിയിൽ വെച്ചാണ് തന്റെ വിവാഹത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ പ്രഖ്യാപനം വിജയ് നടത്തിയത്. സ്വന്തം ഗ്രാമത്തിലെയും പരിസരത്തെയും കുട്ടികൾക്കായി ഒരു ബൃഹത്തായ സ്‌കോളർഷിപ്പ് പദ്ധതിയാണ് താരം പ്രഖ്യാപിച്ചത്.
തെലങ്കാനയിലെ അച്ചംപേട്ട് ഡിവിഷനിലെ 44 സർക്കാർ സ്കൂളുകളിലെ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഓരോ ക്ലാസിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന മിടുക്കരായ കുട്ടികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഈ പദ്ധതി തുണയാകും. ദേവരകൊണ്ട ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരിക്കും പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയെന്നും ഇതിന്റെ പുരോഗതി വിലയിരുത്താൻ താൻ ഇടയ്ക്കിടെ ഗ്രാമത്തിൽ എത്തുമെന്നും വിജയ് ഉറപ്പുനൽകി.
കൈയടികളോടെയും ആവേശത്തോടെയുമാണ് ഗ്രാമവാസികൾ താരത്തിന്റെ ഈ മാതൃകാപരമായ തീരുമാനത്തെ സ്വീകരിച്ചത്. ചടങ്ങിൽ വിജയ്‌ക്കും രശ്മികയ്ക്കുമൊപ്പം മാതാപിതാക്കളും സഹോദരൻ ആനന്ദ് ദേവരകൊണ്ടയും പങ്കെടുത്തു. ഇനി ഏവരും കാത്തിരിക്കുന്നത് മാർച്ച് നാലിന് ഹൈദരാബാദിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ വിവാഹ റിസപ്ഷനാണ്. സിനിമാരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും പ്രവേശനം.