ആരാധർക്ക് സ്നേഹ വിരുന്നൊരുക്കി വിരോഷ് ദമ്പതികൾ; മീറ്റ് ആൻഡ് ഗ്രീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

ലളിതമായ പ്രിന്റഡ് സാരിയിൽ സിന്ദൂരവും മംഗളസൂത്രവും അണിഞ്ഞെത്തിയ രശ്മികയും ഫ്ലോറൽ കുർത്തയിൽ എത്തിയ വിജയിയും ആരാധകർക്ക് മുന്നിൽ തങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെച്ചു

Update: 2026-03-05 05:11 GMT

പ്രണയജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായെന്ന വാർത്ത സിനിമാ ലോകത്ത് ആഘോഷമാകുന്നു. ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹശേഷം വിവിധ ചടങ്ങുകളുമായി തിരക്കിലായിരുന്ന ദമ്പതികൾ അടുത്തിടെ വിജയിന്റെ തറവാട് ഗ്രാമമായ തുമ്മൻപേട്ട സന്ദർശിച്ചിരുന്നു. അവിടെ വെച്ച് സത്യനാരായണ പൂജയും പുതിയ വീട്ടിലെ ഗൃഹപ്രവേശവും ഇവർ നടത്തി.

വിവാഹാനന്തരം ആദ്യമായി ആരാധകരെ നേരിൽ കാണാനായി ദമ്പതികൾ ഹൈദരാബാദിൽ ഒരു പ്രത്യേക 'മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിച്ചു. 'ഞങ്ങളുടെ വലിയ കുടുംബത്തിലേക്ക് സ്വാഗതം, സ്നേഹത്തോടെ വിരോഷ്' എന്ന് എഴുതിയ ബോർഡുകളും പൂക്കളും കൊണ്ട് അലങ്കരിച്ച വേദിയിൽ പൂക്കൾ വിതറിയാണ് ആരാധകർ താരദമ്പതികളെ സ്വീകരിച്ചത്. ആരാധകർക്കൊപ്പം സമയം ചെലവഴിച്ച ഇരുവരും അവർക്ക് സ്വന്തമായി ഭക്ഷണം വിളമ്പിക്കൊടുക്കുകയും ഒപ്പമിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. പരിപാടിക്കിടെ രശ്മിക വിജയിയെ സ്നേഹത്തോടെ ഭക്ഷണം ഊട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്.

ലളിതമായ പ്രിന്റഡ് സാരിയിൽ സിന്ദൂരവും മംഗളസൂത്രവും അണിഞ്ഞെത്തിയ രശ്മികയും ഫ്ലോറൽ കുർത്തയിൽ എത്തിയ വിജയിയും ആരാധകർക്ക് മുന്നിൽ തങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെച്ചു. തന്നോട് ആദ്യം വിവാഹാഭ്യർത്ഥന നടത്തിയത് രശ്മികയാണെന്ന വിജയിന്റെ വെളിപ്പെടുത്തൽ ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

ഇന്ന് ഹൈദരാബാദിൽ നടക്കുന്ന ഗംഭീര വിവാഹ സൽക്കാരത്തിൽ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ സിനിമയിലെ പ്രമുഖർ പങ്കെടുക്കും. സുരക്ഷാ കാരണങ്ങളാൽ ക്ഷണം ലഭിച്ചവർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Similar News