പൊതു വേദിയിൽ നടി തൃഷയെ അപമാനിച്ച് നടൻ പാർഥിപൻ
പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തെ പരാമർശിച്ചായിരുന്നു പാർത്ഥിപന്റെ വാക്കുകൾ. "ഈ കുന്ദവൈ കുറച്ചുനേരം വീട്ടിലിരിക്കുന്നതാണ് നല്ലത്, പുറത്തിറങ്ങുന്നത് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്" എന്ന് അദ്ദേഹം പറഞ്ഞു
തമിഴ് സിനിമാലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ ഉലയ്ക്കുന്ന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് നടനും ടിവികെ നേതാവുമായ വിജയിയുടെ വിവാഹമോചന വാർത്തകളും നടി തൃഷ കൃഷ്ണനുമായി ബന്ധപ്പെട്ട ഗോസിപ്പുകളും. വിജയിയുടെ ഭാര്യ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് വിവാദങ്ങൾക്ക് ആധാരം. 2021 മുതൽ തങ്ങൾ അകന്നു കഴിയുകയാണെന്നും ഒരു പ്രമുഖ നടിയുമായുള്ള വിജയിന്റെ ബന്ധമാണ് ഇതിന് കാരണമെന്നും സംഗീത ഹർജിയിൽ ആരോപിക്കുന്നു. മാനസിക പീഡനം നേരിടുന്നുണ്ടെന്നും തന്നെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയെന്നും ചൂണ്ടിക്കാട്ടിയ സംഗീതയ്ക്കും മക്കൾക്കുമായി വിജയ് 250 കോടി രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേസിൽ ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ കോടതി വിജയിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഈ വിവാദങ്ങൾക്കിടെ തൃഷയ്‌ക്കെതിരെ പരോക്ഷ പരിഹാസവുമായി നടൻ പാർത്ഥിപൻ രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഒരു അവാർഡ് ചടങ്ങിൽ സംസാരിക്കവെ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തെ പരാമർശിച്ചായിരുന്നു പാർത്ഥിപന്റെ വാക്കുകൾ. "ഈ കുന്ദവൈ കുറച്ചുനേരം വീട്ടിലിരിക്കുന്നതാണ് നല്ലത്, പുറത്തിറങ്ങുന്നത് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്" എന്ന് അദ്ദേഹം പറഞ്ഞു. 'കുന്ദവൈ' എന്ന പേരിനെ 'കുന്ത വെക്കുക' (ഇരിക്കുക) എന്ന തമിഴ് വാക്കുമായി ബന്ധിപ്പിച്ചായിരുന്നു ഈ പരിഹാസം. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ വിജയും തൃഷയും ഒന്നിച്ചെത്തിയത് വലിയ വാർത്തയായിരുന്നു; ഇത് മുൻനിർത്തിയാണ് പാർത്ഥിപന്റെ പരാമർശമെന്ന് ആരാധകർ വിലയിരുത്തുന്നു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ തൃഷ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകം ഈ വിഷയത്തിൽ വലിയ തോതിൽ ചേരിതിരിഞ്ഞിരിക്കുകയാണ്.